ഇടുക്കി: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ ഭരണസമിതി അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും സിഡിഎസ് അംഗങ്ങളും ചേർന്ന് വിനോദയാത്ര നടത്തിയതായി ഇന്‍റേണല്‍ വിജിലൻസ് വിഭാഗത്തിന്‍റെ അന്വേഷണ റിപ്പോർട്ട്. അസിസ്‌റ്റന്‍റ് ഡവലപ്മെന്‍റ് കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് പരാമർശം. സിഡിഎസ് അംഗങ്ങളാണ് വിനോദയാത്ര സംബന്ധിച്ച് അന്വേഷണ കമ്മിഷന് മൊഴി നൽകിയത്.
തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ ക്രമക്കേട്
തൊഴിലുറപ്പ് പദ്ധതിയിൽ സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് സ്ഥാപിച്ചതിൽ നടന്ന ക്രമക്കേട് സംബന്ധിച്ച് കലക്‌ടറുടെ നിർദേശ പ്രകാരമാണ് അന്വേഷണം നടത്തിയത്. 2,67,132 രൂപയുടെ ക്രമക്കേടാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഒരു ബോർഡിന് ഒന്നിലധികം പ്രാവശ്യം പണം നൽകിയും ചെറിയ ബോർഡിന് വലിയ ബോർഡിന്‍റെ തുക നൽകിയുമാണ് ക്രമക്കേട് നടത്തിയത്.
ചട്ടങ്ങൾക്ക് വിരുദ്ധമായി സിഡിഎസ് ഭാരവാഹികൾ പ്രധാന ചുമതലക്കാരായി ഏഞ്ചൽ ആക്‌ടിവിറ്റി ഗ്രൂപ് ഉണ്ടാക്കി. പഞ്ചായത്ത് അംഗങ്ങളായ സജി വർഗീസ്, അഭിലാഷ് മാത്യൂ എന്നിവരുടെ ചുമതലയിലാണ് ബോർഡുകൾ സ്ഥാപിച്ചത്. ആവശ്യമായ രേഖകളോ, ഫയലുകളോ ഉണ്ടായിരുന്നില്ല. 2018-19 മുതൽ പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരം ഇല്ലാതെയാണ് ആക്റ്റിവിറ്റി ഗ്രൂപ്പ് പ്രവർത്തിച്ചത്. ഇക്കാര്യത്തിൽ സെക്രട്ടറിക്കും സെക്ഷൻ ക്ലാർക്കിനും ഗുരുതരമായ വീഴ്‌ച പറ്റിയെന്നും റിപ്പോർട്ടിലുണ്ട്.