ഇടുക്കി :ഒരാഴ്‌ചയ്ക്കുള്ളിൽ മൂന്നാർ ഇരവികുളം ദേശീയോദ്യാനം സന്ദർശിച്ചത് രണ്ട് ലക്ഷത്തി എൺപതിനായിരം പേർ. വിഷു ഈസ്റ്റർ അവധിയോടനുബന്ധിച്ചാണ് റെക്കോഡ് തിരക്ക് അനുഭവപ്പെട്ടത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ദേശീയോദ്യാനത്തിൽ ഇത്രയധികം സഞ്ചാരികളെത്തുന്നത്.
ഒരാഴ്‌ചയ്ക്കുള്ളിൽ ഇരവികുളം ദേശീയോദ്യാനം സന്ദർശിച്ചത് 2,80,000 പേര്‍ - ഇടുക്കി
കൂടുതൽ സഞ്ചാരികൾ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളില്‍ നിന്ന്
അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതൽ സഞ്ചാരികൾ എത്തിയത്. തെക്കിന്‍റെ കാശ്‌മീരായ മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് വർധിക്കുകയാണ്. ഇരവികുളം ദേശീയോദ്യാനത്തിൽ പുതുതായി പിറന്ന വരയാടിൻ കുഞ്ഞുങ്ങളെ കാണുവാനാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ സഞ്ചാരികൾ എത്തുന്നത്. തേയില തോട്ടങ്ങളാൽ സമൃദ്ധമായ മൂന്നാറിന്‍റെ ഹരിത ഭംഗിയും മലനിരകളിലൂടെ തെന്നി നീങ്ങുന്ന കോടമഞ്ഞും മൂന്നാറിനെ അതി സുന്ദരിയാക്കിയിരിക്കുന്നു.
വേനല്‍മഴ തീര്‍ത്ത പുൽനാമ്പുകൾ ദേശീയോദ്യാനത്തിന് കൂടുതല്‍ തിളക്കം നല്‍കിയിട്ടുണ്ട്. ഉദ്യാനത്തിലെ വഴിയോരങ്ങളിലും പാറയിടുക്കുകളിലുമൊക്കെ തീറ്റതേടിയും വിശ്രമിച്ചും നില്‍ക്കുന്ന വരയാടിന്‍ കൂട്ടങ്ങള്‍ സഞ്ചാരികള്‍ക്ക് കൗതുക കാഴ്‌ചയാണ്. മൺസൂണിന്‍റെ കടന്നുവരവോടെ ഉദ്യാനത്തിൽ പെയ്‌തിറങ്ങുന്ന നൂൽ മഴ ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്ക് ഇനിയും വർധിക്കുമെന്നാണ് വനം വകുപ്പിന്‍റെ വിലയിരുത്തൽ.