കേരളം

kerala

ETV Bharat / state

കസ്റ്റഡി മരണം; പ്രതിക്ക് പൊലീസിന്‍റെ ക്രൂര പീഡനം ഏൽക്കേണ്ടിവന്നെന്ന് ഇന്‍റലിജൻസ് - ഇന്‍റലിജൻസ് കണ്ടെത്തൽ

എഎസ്‌ഐയും രണ്ട് പൊലീസ് ഡ്രൈവര്‍മാരും ചേർന്നാണ് പ്രതിയെ മർദിച്ചത്. രാജ്‌കുമാറിന്‍റെ ശരീരത്തിലേറ്റ 32 മുറിവുകളില്‍ ഏറെയും അരക്ക് താഴെയാണ്.

കസ്‌റ്റഡി മരണം

By

Published : Jun 28, 2019, 1:05 PM IST

ഇടുക്കി: റിമാന്‍ഡിലിക്കെ മരിച്ച രാജ്‌കുമാറിന് നാല് ദിവസം പൊലീസിന്‍റെ ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് ഇന്‍റലിജന്‍സിന്‍റെ കണ്ടെത്തല്‍. നെടുങ്കണ്ടം സ്‌റ്റേഷനിലെ പൊലീസുകാരുടെ വിശ്രമമുറിയില്‍ വച്ചാണ് രാജ്‌കുമാറിനെ ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. എഎസ്ഐയും രണ്ട് പൊലീസ് ഡ്രൈവര്‍മാരും ചേര്‍ന്നാണ് റിമാന്‍ഡ് പ്രതിയെ മര്‍ദിച്ചത്. പൊലീസ് ഡ്രൈവര്‍മാര്‍ ബൂട്ടിട്ട് രാജ്‌കുമാറിന്‍റെ രണ്ട് കാലുകളിലും കയറിനിന്നു. ലാത്തി കൊണ്ട് കാല്‍ മുട്ടിനു താഴെ ഉരുട്ടിയും, കാല്‍ വണ്ണയില്‍ അടിച്ചും പീഡിപ്പിച്ചു. പ്രതിയെ മര്‍ദിക്കുന്ന സമയത്ത് ഇവര്‍ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്. മരിച്ച പ്രതിയുടെ ശരീരത്തില്‍ ഏറ്റ മുറിവുകളില്‍ ഏറെയും അരക്ക് താഴെയാണ്. ചോദ്യം ചെയ്യലിനിടെ ഉന്നത ഉദ്യോഗസ്ഥര്‍ അടിവയറ്റില്‍ ചവിട്ടിയതോടെയാണ് ഇയാള്‍ കുഴഞ്ഞ് വീണത്. ഈ ദിവസങ്ങളില്‍ സ്‌റ്റേഷനില്‍ നിന്ന് രാത്രി നിലവിളി കേട്ടതായി സമീപവാസികള്‍ മൊഴി നൽകിയിട്ടുണ്ട്.

12-ാം തീയതി രാജ്‌കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് സ്‌റ്റേഷനില്‍ എത്തിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിലുണ്ട്. ദൃശ്യങ്ങളിൽ കുമാർ ആരോഗ്യവാനായാണ് നടന്ന് വന്നത്. എന്നാല്‍ പതിനാറിന് അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിന് മുന്നിലേക്ക് കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ ക്യാമറയിൽ ഇല്ല. ഇത് തെളിവ് നശിപ്പിക്കാന്‍ ദൃശ്യങ്ങള്‍ മായ്ച്ചതാണെന്ന സംശയം ബലപ്പെടുത്തുന്നു.

പ്രതിയെ മര്‍ദിക്കുമ്പോള്‍ സിസിടിവി ഓഫ് ചെയ്‌തതായാണ് കണ്ടെത്തൽ. പതിനാറിന് പുലര്‍ച്ചെ മജിസ്‌ട്രേറ്റിന് മുമ്പാകെ പ്രതിയെ ഹാജരാക്കിയപ്പോള്‍, പ്രതി തീര്‍ത്തും അവശനായിരുന്നതിനാല്‍ പൊലീസ് വാഹനത്തിന് അടുത്തെത്തിയാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പ്രതിയെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ജയിലില്‍ എത്തിച്ചതെന്ന് പീരുമേട് സബ് ജയില്‍ സൂപ്രണ്ട് ജി അനില്‍കുമാറും പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details