ഇടുക്കി: മരം മുറിക്കലില്‍ കർഷകനെ പ്രതിയാക്കി കേസെടുക്കണമെന്ന വിവാദ നിർദേശം നടപ്പിലാക്കാൻ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദ്ദം. നടപടി വേഗത്തിലാക്കുന്നതാണ് നല്ലതെന്ന് ഓർമ്മപ്പെടുത്തി ഡിഎഫ്ഒമാർ വീണ്ടും ഫോറസ്റ്റ് ഓഫീസർമാർക്ക് കത്ത് നൽകി.
കര്‍ഷകനെ പ്രതിയാക്കി കേസെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദ്ദമെന്ന് ആക്ഷേപം 2020 ഒക്‌ടോബർ 24 ന് സർക്കാർ ഇറക്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മരം മുറിച്ച കർഷകരെ പ്രതിയാക്കി കേസെടുക്കാൻ നിർദേശം നൽകിയിരുന്നു. കഴിഞ്ഞ അഞ്ചിനാണ് സിസിഎഫിന്‍റെ നിർദേശപ്രകാരം ഡിഎഫ്ഒമാർ ഫോറസ്റ്റ് ഓഫിസർമാർക്ക് കത്ത് നൽകിയത്. എന്നാൽ വിവാദ നിർദേശം നടപ്പിലാക്കാൻ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കി ഡിഎഫ്ഒ വീണ്ടും ഫോറസ്റ്റർമാർക്ക് കത്ത് നൽകിയത്.
Also read: ഇടുക്കിയിലെ അനധികൃത മരംമുറി ; സിപിഐ നേതാവുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
വിഷയത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെന്നും കേസെടുക്കാൻ സാധ്യതയുള്ളതിനാൽ വനം വകുപ്പും കേസെടുക്കുന്നതാണ് ഉചിതമെന്നും ഓർമ്മപ്പെടുത്തുന്നതാണ് കത്ത്. എന്നാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സംഘടനയായ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷനിലെ അംഗങ്ങൾ ഉൾപ്പെടെ ഉത്തരവിനെതിരെ രംഗത്തുവരികയും പ്രതിഷേധം അറിയിക്കുകയും ചെയ്‌തിട്ടുണ്ട്.
തുടർച്ചയായി കർഷകർക്കെതിരെ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഇറക്കുന്ന ഉത്തരവുകളിൽ പ്രതിഷേധങ്ങളും കനക്കുകയാണ്. അതേസമയം, സർക്കാരോ വനം വകുപ്പ് മന്ത്രിയോ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.