ഇടുക്കി: നെടുങ്കണ്ടം കല്ലാർ ഡാമിന് സമീപമുള്ള കെഎസ്ഇബി ഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്താൻ ശ്രമിച്ചതായി പരാതി. 46.5 സെൻ്റീമീറ്റർ ചുറ്റളവുള്ള പുളിമരമാണ് മുറിച്ചുകടത്താൻ ശ്രമിച്ചത്. കെഎസ്ഇബി അധികൃതർ അറിയിച്ചതിനെ തുടർന്ന് നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മരംമുറിക്കൽ നിർത്തി വെയ്പ്പിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി ആശാരികണ്ടം സ്വദേശികളായ പിതാവും മകനും മേഖലയിൽ ഉണ്ടായിരുന്ന മരത്തിൻ്റെ കൊമ്പുകൾ വെട്ടുകയും ശേഷം മരം മുറിക്കാൻ ശ്രമം നടത്തുകയുമായിരുന്നു. ഇന്നലെ തായ്ത്തടി മുറിച്ചതോടെയാണ് കെഎസ്ഇബി അധികൃതർ പൊലീസിൽ വിവരമറിയിച്ചത്. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ ഭൂമി തങ്ങളുടേതാണെന്നും വിറകിനാണ് മരം മുറിച്ചതെന്നും അറിയിച്ചതിനെത്തുടർന്ന് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.