മൂന്നാറിൽ അനധികൃത നിർമാണം ഇടുക്കി:നിയമം കാറ്റിൽപറത്തി മൂന്നാറിൽ അനധികൃത നിർമാണം. റവന്യു വകുപ്പിന്‍റെ ഉത്തരവ് മറികടന്നാണ് മൂന്നാർ സഹകരണ ബാങ്ക് അതീവ സുരക്ഷ മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ തുടരുന്നത്. പഴയ മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കില്‍ അമ്യൂസ്‌മെന്‍റ് പാര്‍ക്ക് നിർമിക്കാൻ സിപിഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്ക് അനുമതി തേടിയിരുന്നു.
എന്നാല്‍ പുഴയുടെ 50 മീറ്ററിനുള്ളിൽ നടക്കുന്ന നിര്‍മാണമായതിനാല്‍ കോടതിയുടെ ഇടപെടലിലൂടെ റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി എ ജയതിലക് നിർമാണ അനുമതി നിഷേധിച്ചിരുന്നു. എന്നാൽ റവന്യു വകുപ്പിന്‍റെ ഉത്തരവ് കാറ്റിൽ പറത്തി ബാങ്ക് അധികൃതർ അണക്കെട്ടിനോട് ചേർന്നുള്ള അതീവ സുരക്ഷ മേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ്. നിലവിൽ യന്ത്രങ്ങളുടെ സഹായത്തോടെ മണ്ണ് നീക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്.
പദ്ധതിക്ക് തുടക്കമിട്ടത് എംഎം മണി മന്ത്രിയായിരിക്കെ :എംഎം മണി മന്ത്രിയായിരിക്കെയായിരുന്നു വൈദ്യുതി വകുപ്പിന്‍റെ കീഴിലുള്ള പഴയ മൂന്നാറിലെ ഹൈഡല്‍ പാര്‍ക്കില്‍ അമ്യൂസ്‌മെന്‍റ് പാര്‍ക്ക് അടക്കമുള്ള പദ്ധതികള്‍ക്ക് സിപിഎം ഭരിക്കുന്ന മൂന്നാര്‍ സഹകരണ ബാങ്ക് തുടക്കമിട്ടത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പാർക്കിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കാനായിരുന്നു പദ്ധതി. ബാങ്കിന്‍റെ നേതൃത്വത്തില്‍ ഇതിനായി 12 കോടിയിലധികം തുക വകയിരുത്തി കൂറ്റന്‍ റൈഡറടക്കം എത്തിക്കുകയും ചെയ്‌തു.
പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് ജോലി നല്‍കുമെന്നാണ് യൂണിയന്‍ നേതാക്കള്‍ വാഗ്‌ദാനം ചെയ്‌തിരുന്നത്. എന്നാല്‍ ചില നേതാക്കളുടെ സ്വാര്‍ത്ഥ താൽപര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പാര്‍ക്കില്‍ അനധികൃതമായി നിര്‍മാണ പ്രവർത്തനങ്ങള്‍ നടത്തുകയാണെന്ന ആരോപണവുമായി സിപിഐയും കോണ്‍ഗ്രസും രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് ആര്‍ രാജാറാം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു.
ഇതോടെ നിര്‍മാണം നിലക്കുകയായിരുന്നു. തൊഴിലാളികളുടെ മക്കള്‍ക്കായി നിര്‍മിക്കുന്ന പാര്‍ക്കാണെന്ന വ്യാജേന നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ബാങ്ക് പ്രസിഡന്‍റ് കഴിഞ്ഞ ദിവസം ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ അതീവ സുരക്ഷ മേഖലയായതിനാല്‍ അനുമതി നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് റവന്യു വകുപ്പ് സ്വീകരിച്ചത്.