ഇടുക്കി:വിനോദ സഞ്ചാരികള്‍ക്കായി മായകാഴ്‌ചയൊരുക്കുന്ന സ്വപ്‌ന ഭൂമിയാണ് ഇടുക്കി-കോട്ടയം ജില്ല അതിര്‍ത്തിയിലെ ഇലവീഴാപൂഞ്ചിറ. മണക്കുന്ന്, കടയത്തൂര്‍, തോണിപ്പാറ എന്നീ മൂന്ന് കൂറ്റന്‍ മലകളും ചേര്‍ന്നാണ് ഇവിടം പ്രകൃതി രമണീയമായ കാഴ്‌ചയൊരുക്കുന്നത്. കുന്നും മലയും താണ്ടി മുകളിലെത്തിയാലാകട്ടെ ആകാശവും ഭൂമിയും ഒന്നാകുന്ന ആ അപൂര്‍വ സംഗമം എതൊരാളുടെയും മനസിനെ ത്രസിപ്പിക്കുന്ന കാഴ്‌ച തന്നെ.
കോടമഞ്ഞ് മൂടിയ മലമുകളില്‍ ഇടയ്‌ക്ക് പരക്കുന്ന ഇളം വെയില്‍ അപ്രതീക്ഷിതമായെത്തുന്ന ചാറ്റല്‍ മഴയില്‍ അലിഞ്ഞ് ഇല്ലാതാകും. മുകളിലേക്ക് കുത്തനെയുള്ള കയറ്റമാണെങ്കിലും ചുറ്റുമുള്ള മനോഹര കാഴ്‌ചകള്‍ കണ്ട് ഏതൊരാള്‍ക്കും ആയാസകരമായി മുകളിലെത്താനാകും. സമുദ്ര നിരപ്പില്‍ നിന്ന് 3200 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറയിലെത്തിയാല്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളെ കാണാന്‍ കഴിയും.
സുന്ദരമായ ഇലവീഴാപൂഞ്ചിറയിലേക്ക് ദുരിത യാത്ര:ഇലവീഴാപൂഞ്ചിറ മാത്രമല്ല വിനോദ സഞ്ചാരികള്‍ക്ക് പ്രകൃതിരമണീയമായ കാഴ്‌ച സമ്മാനിക്കുന്ന നിരവധിയിടങ്ങളുണ്ട് സ്വപ്‌ന ഭൂമിയായ ഈ ഇടുക്കിയില്‍. എന്നാല്‍ ഇവിടങ്ങളിലെല്ലാം എത്തിചേരുന്നതിനായി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് റോഡിലൂടെയുള്ള ദുരിത യാത്രയെന്നത്. ജില്ലയിലേക്ക് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നയിടമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്ര ഇടുക്കിയില്‍ നിന്ന് ആരംഭിച്ചാല്‍ ദുരിതമാണ് സമ്മാനിക്കുക. അതേസമയം കോട്ടയത്ത് നിന്ന് യാത്ര ആരംഭിക്കുകയാണങ്കില്‍ സുഗമമായ പാതയിലൂടെ മനോഹര കാഴ്‌ചകള്‍ ആസ്വദിച്ച് ഇലവീഴാപൂഞ്ചിറയിലെത്താനാകും.
ഇടുക്കിയില്‍ നിന്ന് ഇലവീഴാപൂഞ്ചിറയിലേക്കുള്ള പാതയില്‍ ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന കാഞ്ഞാർ - ചക്കിക്കാവ് വരെയുള്ള പാതയാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. ഈ ഭാഗത്ത് അറ്റകുറ്റപണികള്‍ നടത്തി വേഗത്തില്‍ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.