ഇടുക്കി:സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് ചതുരംഗപ്പാറ മലനിരകൾ. ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ നൂറുകണക്കിന് സഞ്ചാരികളാണ് ദിനംപ്രതി ഇവിടം സന്ദർശിച്ച് മടങ്ങുന്നത്. സഞ്ചാരികളെത്തി റെക്കോർഡിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് മേഖലയുടെ ടൂറിസം വികസനത്തിന് വിലങ്ങുതടിയാകുന്നത്.
റോഡ്, ശുചി മുറികൾ, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയാൽ കൂടുതൽ ആളുകൾ എത്തുമെന്ന് സഞ്ചാരികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഡി.ടി.പി.സി.യുടെ മേൽനോട്ടത്തിൽ സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സാധിച്ചാൽ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി ചതുരംഗപ്പാറ മാറും.
മനോഹരമായ കാഴ്ചയൊരുക്കി ചതുരംഗപ്പാറ;അടിസ്ഥാന സൗകര്യങ്ങള്‍ വർധിപ്പിക്കണമെന്ന് ആവശ്യം കുമളി-മൂന്നാർ സംസ്ഥാനപാതയിൽ ഉടുമ്പൻചോലയ്ക്ക് സമീപമാണ് ചതുരംഗപ്പാറ.മലമുകളിൽ കയറിയാൽ കാണുന്ന വിദൂര കാഴ്ചകളാണ് മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽനിന്നും ചതുരംഗപ്പാറയെ വ്യത്യസ്ഥമാക്കുന്നത്.പശ്ചിമഘട്ടത്തിന്‍റെ പച്ചപ്പും തമിഴ്നാടിന്‍റെ വിദൂര ദൃശ്യങ്ങളും കാറ്റാടിപ്പാടവും ചതുരംഗപ്പാറയിലേക്ക് സഞ്ചാരികളെ മാടിവിളിക്കുന്നു.
മലമുകളിലെ കാറ്റാടിപ്പാടത്തെത്തിയാൽ അടിവാരത്ത് തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെ കാഴ്ചയും അണക്കരമെട്ട്, പുഷ്പക്കണ്ടം, തേവാരംമെട്ട്, മാൻകുത്തി മേട് എന്നിവയുടെ വിദൂരദൃശ്യവും ആരെയും ത്രസിപ്പിക്കുന്നതാണ്. ഏലമലക്കാടുകളുടെ പച്ചപ്പ് തിങ്ങിയ ചിന്നക്കനാലിന്‍റെ കാഴ്ചയും സൂര്യനെല്ലി, ഗ്യാപ്പ് റോഡ് എന്നിവയുടെ വിദൂരദൃശ്യവും അതിമനോഹരമാണ്.
തമിഴ്നാടിന്‍റെ അധീനതയിലാണ് ചതുരംഗപ്പാറ മലനിരകൾ. തമിഴ്നാട് വൻ ടൂറിസം സാധ്യതകളാണ് ഇവിടെ കാണുന്നത്. തേവാരം- തേവാരംമെട്ട് റോഡ് യാഥാർത്ഥ്യമാവുന്നതോടെ ചതുരംഗപ്പാറയിൽ ടൂറിസം വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാൻ ഒരുങ്ങുകയാണ് തമിഴ്നാട് ടൂറിസംവകുപ്പ്.