ഇടുക്കി: ശാന്തൻപാറ പന്നിയാറിൽ രാത്രിയിറങ്ങിയ കാട്ടാന റേഷൻ കട തകർത്തു. സ്ഥാപനത്തിന് സമീപത്തായി നിർത്തിയിട്ടിരുന്ന വാഹനത്തിനും കേടുപാടുകൾ പറ്റി. കഴിഞ്ഞ ഒരാഴ്‌ചക്കിടെ മൂന്നാം തവണയാണ് പ്രദേശത്ത് കാട്ടാന ആക്രമണം ഉണ്ടാകുന്നത്.
കാട്ടാന റേഷന്‍ കട തകർക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഞായറാഴ്‌ച രാത്രി 9 മണിയോടെയാണ് പന്നിയാറിലെ റേഷൻ കടക്ക് നേരെ ഒറ്റയാൻ ആക്രമണം നടത്തിയത്. കെട്ടിടം ഭാഗികമായി തകർന്നു. ശബ്‌ദം കേട്ട് എത്തിയ നാട്ടുകാർ പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിയ്ക്കുകയായിരുന്നു. രാത്രി ഏറെ വൈകിയാണ് ആന പ്രദേശത്ത് നിന്നും പിൻവാങ്ങിയത്.
സമീപ മേഖലയായ തോണ്ടിമല, ചൂണ്ടൽ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിൽ ആനയുടെ ആക്രമണം ഉണ്ടായിരുന്നു. തൊണ്ടിമല സ്വദേശി സെൽവത്തിന്‍റെ വീട് പൂർണമായും അമൽരാജിന്‍റെ വീട് ഭാഗികമായും കാട്ടാന തകർത്തിരുന്നു.
ചൂണ്ടൽ സ്വദേശി നടരാജിന്‍റെ വീടിനോട് ചേർന്ന് നിർമിച്ചിരുന്ന ഷെഡും തകർന്നു. ഒറ്റയാനെ കൂടാതെ ആറ് ആനകൾ അടങ്ങുന്ന കൂട്ടം ആഴ്‌ചകളായി മേഖലയിൽ തമ്പടിച്ചിരിയ്ക്കുകയാണ്. ആക്രമണത്തില്‍ പ്രദേശത്തെ ഏക്കർ കണക്കിന് കൃഷിയും നശിച്ചു.
Also read: വനം വകുപ്പിന്‍റെ ക്രൂരത; യാത്ര മാർഗമില്ലാതെ മാങ്കുളത്തെ ആദിവാസി കുടുംബങ്ങള്‍