ഇടുക്കി: മതികെട്ടാന്‍ ചോലയിലെ 'ആനകലി'യുടെ ജീവിക്കുന്ന പ്രതീകമാണ് പൂപ്പാറ മൂലത്തറ സ്വദേശിയായ ജയലക്ഷ്‌മി. 2010 ഓഗസ്റ്റ് മാസമാണ് ജയലക്ഷ്‌മിയെ കാട്ടാന ആക്രമിക്കുന്നത്. ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ പാഞ്ഞടുത്ത ആന ജയലക്ഷ്‌മിയെ തട്ടി താഴെയിട്ട ശേഷം പുറത്ത് ചവിട്ടി കടന്ന് പോവുകയായിരുന്നു.
'ആനക്കലി'യുടെ ജീവിക്കുന്ന പ്രതീകം... 11 വര്‍ഷത്തിനിപ്പുറവും സര്‍ക്കാര്‍ സഹായത്തിനായി കാത്തിരിക്കുകയാണ് ജയലക്ഷ്‌മി കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജയലക്ഷ്‌മിക്ക് അഞ്ച് ശസ്‌ത്രക്രിയകളാണ് ഇതുവരെ നടത്തിയത്. ഇതോടെ ജോലിക്കുപോകാന്‍ കഴിയാതെ വീട്ടില്‍ തന്നെ കഴിയേണ്ട അവസ്ഥയിലാണ് ജയലക്ഷ്‌മി.
ഭര്‍ത്താവും മൂന്ന് മക്കളുമടങ്ങുന്നതാണ് ജയലക്ഷ്‌മിയുടെ കുടുംബം. മക്കളുടെ വിദ്യാഭ്യാസവും ജയലക്ഷമിയുടെ ചികിത്സയുമെല്ലാം തോട്ടം തൊഴിലാളിയായ ഭര്‍ത്താവ് രാജയുടെ തുച്ഛമായ വരുമാനത്തിലാണ്. ഭൂമി വിറ്റും കടം വാങ്ങിയുമാണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. എട്ട് ലക്ഷത്തോളം രൂപ ചികിത്സയ്‌ക്ക് മാത്രം ചെലവായതായ ജയലക്ഷ്‌മി പറയുന്നു.
Also Read:35 വര്‍ഷത്തെ കാത്തിരിപ്പ്; 65-ാം വയസില്‍ വിവാഹിതരായി ജയമ്മയും ചിക്കണ്ണയും
എന്നാല്‍ കാട്ടാന അപകടം നടന്ന് പതിനൊന്ന് വര്‍ഷം പിന്നിടുമ്പോഴും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ജയലക്ഷ്‌മിക്കും കുടുംബത്തിനും യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. നിര്‍ധനരായ കുടുംബത്തിന് അടിയന്തര സഹായം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.