ഇടുക്കി: തിരിച്ചുവരവിന്‍റെ പാതയിലാണ് ഇടുക്കിയിലെ ഗ്രാമീണ ടൂറിസം മേഖല. 2018ലെ പ്രളയകാലം മുതല്‍ ആരംഭിച്ച പ്രതിസന്ധികള്‍ക്ക് വിരാമമാകുമെന്നാണ് പ്രതീക്ഷ. ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്ന വഴിയോര കച്ചവടങ്ങളും സജീവമായിരിക്കുകയാണ്. ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിച്ച ആദ്യ ദിനങ്ങളില്‍ സഞ്ചാരികള്‍ കുറവായിരുന്നെങ്കിലും ഓണത്തോടനുബന്ധിച്ച് കൂടുതല്‍ സഞ്ചാരികള്‍ ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും പ്രതീക്ഷയിലാണ് ടൂറിസം മേഖല. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ രാമക്കല്‍മേട്ടില്‍ ദിവസേന 1,500 ലധികം സഞ്ചാരികളാണ് നിലവില്‍ എത്തുന്നത്. നിയന്ത്രണങ്ങളോടെയാണെങ്കിലും ടൂറിസം കേന്ദ്രങ്ങള്‍ തുറന്നതിന്‍റെ ആഹ്ലാദത്തിലാണ് സഞ്ചാരികള്‍. ഇടുക്കിയിലെ ടൂറിസം കേന്ദ്രങ്ങളെ ആശ്രയിച്ച് കഴിയുന്ന ആയിരകണക്കിന് കുടുംബങ്ങള്‍ക്കാണ് ലോക്ക് ഡൗണ്‍ ഇളവുകള്‍ ആശ്വാസമായിരിക്കുന്നത്.