ഇടുക്കി: തൊടുപുഴ പുളിയൻ മല സംസ്ഥന പാതയിൽ കുരുതിക്കളത്തിന് സമീപം മൈലാടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. പ്രവിത്താനം വട്ടമറ്റത്തിൽ ജിത്തു ജോർജ് ആണ് (28) മരിച്ചത്. സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞാണ് അപകടം.
വാഹനത്തിൽ ജിത്തുവിനൊപ്പമുണ്ടായിരുന്ന രാമപുരം സ്വദേശി ജോസ് നിസാര പരുക്കുകളുടെ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് 6.30ഓടെയാണ് ജിത്തുവും സുഹൃത്തും സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് 40 അടി താഴ്ച്ചയിലുള്ള തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. പാലാ വിസിബിലെ ജീവനക്കാരായ ഇരുവരും ചെറുതോണി ഓഫീസിൽ നിന്നും തിരികെ പോകുംവഴി ഇടുക്കി ഭാഗത്തേക്ക് വരികയായിരുന്ന ബസിൽ ഇടിക്കാതെ ഒതുക്കിയപ്പോൾ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. തുടര്‍ന്ന് പരുക്കേറ്റ ഇരുവരെയും മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജിത്തുവിന്‍റെ ജീവൻ രക്ഷിക്കാനായില്ല. കാഞ്ഞാർ പൊലീസും മൂലമറ്റം ഫയര്‍ ആന്‍റ് റെസ്‌ക്യു വിഭാഗവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
അപകടത്തില്‍പെട്ട ബൊലേറോ ജീപ്പ് അടുത്തിടെ ഇടുക്കിയിലെ നത്തുകല്ലിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചിരുന്നു. കൊച്ചുകാമാഷി സ്വദേശി ജോബിൻ ജോണിയാണ് അപകടത്തില്‍ മരിച്ചത്. നത്തുകല്ലില്‍ പാല്‍ വിതരണം ചെയ്യാനെത്തിയ മിനിലോറി സ്വകാര്യ സ്ഥാപനത്തില്‍ പാല്‍ വിതരണം ചെയ്‌തതിന് ശേഷം തിരിക്കുന്നതിനിടെ ഇരട്ടയാര്‍ ഭാഗത്ത് നിന്നെത്തിയ ജോബി ജോണിന്‍റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ജോബിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് കോന്നി കിഴവള്ളൂരിൽ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റിരുന്നു. ഇതില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അജയകുമാര്‍, കാര്‍ ഡ്രൈവര്‍ ജോണോറാം ചൗധരി ബസിന്‍റെ മുന്‍ സീറ്റിലിരുന്ന യാത്ര ചെയ്‌ത സ്‌ത്രീ എന്നിവരുടെ പരിക്ക് ഗുരുതരമായിരുന്നു. പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തിന് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കോന്നിയില്‍ നിന്ന് പത്തനംതിട്ട ഭാഗത്തേക്ക് വരികയായിരുന്ന സൈലോ കാറും കൂട്ടിയിടിച്ചാണ് അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു:അതേസമയം സംസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ച് വരികയാണ്. 2019ലെ കണക്ക് പ്രകാരം 41253 റോഡ് അപകടങ്ങളാണ് അന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവിലേത് പരിഗണിക്കുമ്പോള്‍ അത് ഇരട്ടിയാകും. അടുത്തിടെ പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൃശൂര്‍ സ്വദേശിയായ ജിത്തു ലോറി മറിഞ്ഞതോടെ ലോറിക്ക് അടിയില്‍പ്പെടുകയായിരുന്നു. കൂടാതെ പാലക്കാട് നടന്ന ഈ അപകടത്തിന് സമാനമായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പത്തനംതിട്ട ഓമല്ലൂരിലും അപകടം നടന്നിരുന്നു.
പാറക്കല്ലുകള്‍ കയറ്റി വന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞതോടെ ഡ്രൈവര്‍ ലോറിക്കടിയില്‍ കുടുങ്ങുകയായിരുന്നു. കോഴഞ്ചേരി സ്വദേശിയായ സാമുലാണ് ഈ അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ആശുപത്രിയില്‍ കൊണ്ട് പോകുംവഴി സാമുവല്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മാത്രമല്ല കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും അപകടങ്ങള്‍ ദിനംപ്രതി വര്‍ധിക്കുയാണ്. ധാര്‍വാഡയില്‍ കഴിഞ്ഞ ദിവസം അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ അഞ്ച് പേരും തല്‍ക്ഷണം മരിച്ചിരുന്നു.