ഇടുക്കി:സ്വദേശികളും വിദേശികളുമുൾപ്പെടെ 45 ജീവനുകൾ അപഹരിച്ച തേക്കടി ദുരന്തത്തിന് 12 വയസ്. 2009 സെപ്റ്റംബർ 30നാണ് ഒരു നാടിനെയാകെ നടുക്കിയ ബോട്ട് അപകടം നടന്നത്. ദുരന്തകാരണം കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചുവെങ്കിലും ഇതുവരെയും കേസിൽ വിചാരണ തുടങ്ങിയിട്ടില്ല.
ഒന്നര വർഷം മുൻപ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചെങ്കിലും പബ്ലിക് പ്രോസിക്യൂട്ടർ കേസിൽ നിന്നും പിന്മാറുന്നതാണ് വിചാരണ വൈകാൻ കാരണമെന്നാണ് സൂചന. 2009 സെപ്റ്റംബർ 30ന് വൈകുന്നേരം 4 മണിയോടെയാണ് തേക്കടിയിൽ നിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെ.ടി.ഡി.സിയുടെ ജലകന്യക എന്ന ബോട്ട് അപകടത്തിൽപ്പെട്ടത്. 76 യാത്രക്കാരുമായി പോയ ബോട്ട് പുറപ്പെട്ടിടത്തു നിന്ന് 12 കിലോമീറ്റർ അകലെ മണക്കാവല എന്ന പ്രദേശത്ത് വച്ച് മറിഞ്ഞു. ആകെ സഞ്ചാരികളിൽ 46 പേർ ബോട്ടപകടത്തിൽ മരിച്ചു.
ബോട്ടിലെ വിനോദ സഞ്ചാരികൾ കരയിൽ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ ഒരു വശത്തേക്കു നീങ്ങി. ഇതു കാരണം ബോട്ടിന്‍റെ നിയന്ത്രണം നഷ്‌ടപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. 11 സ്ത്രീകളും 13 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ക്രൈംബ്രാഞ്ച് കോട്ടയം ഓഫിസാണ് ആദ്യം തേക്കടി ബോട്ട് ദുരന്തം അന്വേഷണം ആരംഭിച്ചത്. ജസ്റ്റിസ് ഇ.മൊയ്‌തീൻ കുഞ്ഞ് കമ്മീഷനാണ് ജുഡീഷ്യൽ അന്വേഷണം നടത്തിയത്.
കൊച്ചി സർവകലാശാലയിലെ ഷിപ്പിങ് ടെക്‌നോളജി വിഭാഗം മുൻ തലവനും ഷിപ്പിങ് സാങ്കേതിക വിദഗ്‌ധനുമായ ഡോ.എസ്.കെ പ്യാരിലാൽ അപകടമുണ്ടാക്കിയ ബോട്ടിന്‍റെ ചരിവ്, നിർമാണത്തിലെ പിഴവ് എന്നിവ സംബന്ധിച്ച് പരിശോധന നടത്തുകയും ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ കമ്മീഷൻ പ്യാരിലാലിന്‍റെ മൊഴിയെടുത്തു. ബോട്ടിന്‍റെ നിർമാണ പിഴവുകൾ കംപ്യൂട്ടർ സോഫ്റ്റ്‌വെയറിന്‍റെ സഹായത്തോടെ പ്യാരിലാൽ കമ്മീഷന് മുമ്പാകെ അവതരിപ്പിച്ചു.
Also Read: തിരുവനന്തപുരം നഗരസഭയിൽ യു.ഡി.എഫ് കൗൺസിലർമാർ സമരത്തിൽ