ഇടുക്കി: ഇടുക്കിയിൽ ഓണസദ്യക്കൊപ്പം ഇക്കുറി വിളമ്പുക കുടുംബശ്രീ അംഗങ്ങളുടെ കൈപുണ്യം പതിഞ്ഞ ഉപ്പേരിയും ശര്‍ക്കര വരട്ടിയും. 14 ഇന ഭക്ഷ്യോത്‌പന്നങ്ങൾ നൽകുന്ന ഓണക്കിറ്റിൽ കുടുംബശ്രീ ഉത്‌പന്നങ്ങൾ കൂടി ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിരുന്നു. ഇതിനായുള്ള 2,32,500 പാക്കറ്റ് ഉപ്പേരിയും ശര്‍ക്കര വരട്ടിയുമാണ് കുടുംബശ്രീ അംഗങ്ങള്‍ തയ്യാറാക്കുന്നത്.
ഓണകിറ്റിൽ കുടുംബശ്രീയുടെ ഉപ്പേരിയും ശര്‍ക്കര വരട്ടിയും കുടുംബശ്രീ സംരംഭങ്ങള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കുമാണ് ഉപ്പേരി തയ്യാറാക്കി ഡിപ്പോകളില്‍ എത്തിക്കാനുള്ള ചുമതല. ഏത്തക്കായ അരിയുന്നത് മുതല്‍ രുചികരമായ ഉപ്പേരിയും ശര്‍ക്കര വരട്ടിയും തയ്യാറാക്കി പായ്‌ക്ക് ചെയ്യുന്നത് വരെയുള്ള ജോലികള്‍ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് ചെയ്യുന്നത്. കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും സപ്ലൈകോ അധികൃതരുടെയും നിരീക്ഷണവുമുണ്ട്.
തൊടുപുഴ (84,500), മൂന്നാര്‍ (46,000), നെടുങ്കണ്ടം (1,02,000) എന്നിങ്ങനെയാണ് ജില്ലയിലെ സപ്ലൈകോ ഡിപ്പോകളിലേക്ക് കുടുംബശ്രീക്ക് ഇതുവരെ ലഭിച്ച ഓര്‍ഡര്‍. കിറ്റുകളില്‍ നിറക്കാന്‍ നൂറ് ഗ്രാം വീതമുള്ള പാക്കറ്റുകളാക്കിയാണ് നല്‍കുന്നത്. ഒരു പാക്കറ്റിന് കുടുംബശ്രീക്ക് 27 രൂപ ലഭിക്കും. കുടുംബശ്രീ അംഗങ്ങള്‍ക്ക് പിന്തുണയുമായി ഗ്രാമപഞ്ചായത്തുകളും ഒപ്പം ഉണ്ട്.
സപ്ലൈകോ ഗോഡൗണുകളിൽ ഉത്‌പന്നം എത്തിച്ചാൽ രണ്ടാഴ്‌ചയ്‌ക്കകം പണം നൽകും. ജില്ല കുടുംബശ്രീ കോ ഓർഡിനേഷൻ കമ്മിറ്റിയാണ് ഏകോപനം. ആവശ്യമായ ഏത്തക്ക കർഷകരിൽ നിന്ന് ലഭിക്കാത്തതിനാൽ പൊതുവിപണിയെയും ആശ്രയിച്ചിരുന്നു. കുടുംബശ്രീ ഉത്‌പന്നങ്ങൾ ഓണക്കിറ്റിൽ ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിലൂടെ സംരംഭക യൂണിറ്റുകൾക്കും അയൽക്കൂട്ടങ്ങൾക്കും കീഴിലുള്ള നിരവധി കുടുംബങ്ങൾക്ക് വരുമാനത്തിന് വഴിയൊരുങ്ങി. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കുടുംബശ്രീ ഉത്‌പന്നങ്ങള്‍ ഉള്‍പ്പെടുത്തുമെന്നാണ് അവരുടെ പ്രതീക്ഷ.