ഇടുക്കി: പൂപ്പാറയില്‍ 15 കാരിക്ക് നേരെ നടന്നത് ബലാത്സംഗമെന്ന് ഇടുക്കി എസ്പി ആര്‍.കറുപ്പ് സ്വാമി. സംഭവത്തില്‍ ആറ് പേരെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ രണ്ടു സുഹൃത്തുക്കളും പൂപ്പാറ സ്വദേശികളായ നാല് പേരുമാണ് കസ്റ്റഡിയിലുള്ളത്. പ്രതികളായ രണ്ട് പേര്‍ സംഭവ ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടിട്ടുണ്ട്.
അവരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഞായറാഴ്‌ച (29.05.22) വൈകുന്നേരമാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. ശാന്തന്‍പാറയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന പെണ്‍കുട്ടി ബംഗ്ലാദേശ് സ്വദേശിയായ സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയില്‍ പൂപ്പാറയില്‍ എത്തിയപ്പോഴാണ് പീഡനത്തിനിരയായത്. ഒരു സുഹൃത്തിനൊപ്പം രാജകുമാരി വരെയെത്തിയതിന് ശേഷം ഓട്ടോറിക്ഷയിലെത്തിയ ബംഗ്ലാദേശ് സ്വദേശിയായ സുഹൃത്തിന്‍റെ കൂടെ പൂപ്പാറയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
പൂപ്പാറയിലെ ബെവ്കോ ഔട്ട് ലെറ്റില്‍ നിന്ന് സുഹൃത്ത് മദ്യവും വാങ്ങിയിരുന്നു. സുഹൃത്തിനൊപ്പം തേയില തോട്ടത്തില്‍ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായ ആറ് പേര്‍ എത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ചതിന് ശേഷം തേയില തോട്ടത്തില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.