ഇടുക്കി : സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് ലഭിക്കാൻ കാനറ ബാങ്കിൽ അക്കൗണ്ട് തുടങ്ങണമെന്ന കേന്ദ്രസർക്കാർ ഉത്തരവ് തോട്ടം മേഖലയിലെ പ്രധാനാധ്യാപകർക്ക് തലവേദനയാകുന്നു. കാനറ ബാങ്ക് ശാഖകളില്ലാത്ത ഹൈറേഞ്ചിലെ തോട്ടംമേഖല ഉൾപ്പെടുന്ന ഉടുമ്പൻചോല, പീരുമേട്, ദേവികുളം താലൂക്കുകളിലെ സ്‌കൂളുകളിലെ പ്രധാനാധ്യാപകരാണ് കേന്ദ്ര സർക്കാരിന്‍റെ ഉത്തരവുമൂലം ദുരിതത്തിലായിരിക്കുന്നത്.
സ്‌കൂളുകളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് ഇതുവരെ കേന്ദ്രസർക്കാർ എസ്‌ബിഐ വഴിയാണ് വിതരണം ചെയ്‌തിരുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്‍റെ പുതിയ ഉത്തരവ് പ്രകാരം നവംബർ ഒന്നുമുതൽ ഫണ്ട് കാനറ ബാങ്കുകൾ വഴി മാത്രമേ വിതരണം നടത്തുകയുള്ളൂ.
ഉച്ചഭക്ഷണ പദ്ധതി ഫണ്ടിന് കാനറ അക്കൗണ്ട് ; കേന്ദ്ര ഉത്തരവിൽ കുഴഞ്ഞ് ഹൈറേഞ്ചിലെ പ്രധാനാധ്യാപകർ ALSO READ:സൗകര്യങ്ങള്‍ ഉറപ്പാക്കാനാകാത്ത ഇടങ്ങളിലെ കുട്ടികളെ തൊട്ടടുത്ത സ്‌കൂളുകളില്‍ പ്രവേശിപ്പിക്കും
ഇതിന് മുന്നോടിയായി മേഖലയിലെ 78 സ്‌കൂളുകളിലെയും പ്രധാനാധ്യാപകർക്ക് കഴിഞ്ഞ ദിവസം കാനറ ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങാനാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് രേഖാമൂലം നിർദേശം ലഭിച്ചിരുന്നു.
നിലവിൽ കട്ടപ്പന, അടിമാലി, മുരിക്കാശ്ശേരി, തൊടുപുഴ എന്നിവിടങ്ങളിൽ മാത്രമാണ് കാനറ ബാങ്ക് ശാഖകളുള്ളത്. ഈ സാഹചര്യത്തിൽ അക്കൗണ്ട് തുടങ്ങുന്നതിനും പിന്നീട് പണം എടുക്കുന്നതിനും തോട്ടം മേഖലയിൽ നിന്നുള്ള അധ്യാപകർ 25 മുതൽ 100 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടിവരും.