ഇടുക്കി: ഇടുക്കി മലനിരകളിലൂടെ യാത്ര ചെയ്‌തിട്ടുണ്ടോ? ഉണ്ടെങ്കിൽ സംശയമില്ലാതെ പറയാം.. ഇടുക്കിയുടെ ഔദ്യോഗിക വാഹനം എന്നതിന് ഒറ്റ ഉത്തരമേ ഉള്ളൂ.. അത് മഹീന്ദ്രയുടെ 'ജീപ്പ്' തന്നെ... മലമടക്കുകളിലെ ദുര്‍ഘട പാതകൾ കീഴടക്കി, ജീപ്പ് കുതിച്ച് പായുന്നത് കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണ്. ഗതാഗവും ചരക്ക് നീക്കവും തുടങ്ങി, അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സായും പ്രവർത്തിക്കുന്ന ജീപ്പിൽ ഒരു യാത്ര ആയാലോ…
ഇടുക്കിയുടെ മനോഹര കാഴ്‌ചകളിലേക്കാണ് ചെമ്മണ്ണാറിലെ ഒന്‍പത് ഡ്രൈവര്‍മാരുടെ കൂട്ടായ്‌മ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. മൂന്നാറില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന സഞ്ചാരികള്‍, കൂടുതലായി ചെമ്മണ്ണാര്‍ പാതയിലൂടെ യാത്ര ചെയ്‌ത് തുടങ്ങിയതോടെയാണ് ഡ്രൈവര്‍മാര്‍ ജീപ്പ് സഫാരിയ്‌ക്ക് സൗകര്യം ഒരുക്കിയത്. ഏകദേശം നാല് കിലോമീറ്റലധികം ദൂരമാണ്, സഫാരിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.