കേരളം

kerala

ETV Bharat / state

ക്രിസ്‌മസും പുതുവത്സരവും കൊവിഡിന്‍റെ ക്ഷീണം മാറ്റി; രാമക്കൽമേട്ടിൽ ഇത്തവണ എത്തിയത് അരലക്ഷം പേർ

ഇടുക്കി ജില്ലയിലെ ഡിടിപിസി കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വിനോദ സഞ്ചാരികൾ സ്വതന്ത്രമായി സന്ദർശിച്ച് മടങ്ങി. വ്യാപാര മേഖലയും ജീപ്പ് സവാരി മേഖലയും ഉണർന്നു.

idukki ramakkalmedu tourism  idukki ramakkalmedu  ramakkalmedu  ramakkalmedu tourist place  idukki tourism  idukki tourist place
രാമക്കൽമേട്

By

Published : Jan 6, 2023, 9:55 AM IST

സഞ്ചാരികളുടെ വർധനവിനെക്കുറിച്ച് ഡിടിപിസി ജീവനക്കാരൻ

ഇടുക്കി: ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾക്കായി രാമക്കൽമേട് സന്ദർശിച്ച് മടങ്ങിയത് അരലക്ഷത്തിലധികം സഞ്ചാരികൾ. കൊവിഡ് ഇടവേളയ്ക്ക് ശേഷം ആദ്യമായാണ് ഇത്രയധികം സഞ്ചാരികൾ രാമക്കൽമേട്ടിൽ എത്തി മടങ്ങുന്നത്. ജില്ലയിലെ മറ്റ് ഡിടിപിസി കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വരവിൽ വൻവർധനവാണ് കഴിഞ്ഞ മാസം ഉണ്ടായത്.

ഇടുക്കി ജില്ലയുടെ നട്ടെല്ലായ ടൂറിസം മേഖല കഴിഞ്ഞ രണ്ട് വർഷമായി നിർജീവ അവസ്ഥയിലായിരുന്നു. കൊവിഡായിരുന്നു പ്രധാന വില്ലൻ. ഇതിനിടയിൽ പ്രകൃതിക്ഷോഭങ്ങളും യാത്ര നിരോധനവും ഒക്കെ മേഖലയെ പ്രതികൂലമായി ബാധിച്ചു.

മേഖലയുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന ആയിരക്കണക്കിന് ആളുകൾക്കാണ് ഇതുമൂലം തൊഴിൽ നഷ്‌ടമായത്. എന്നാൽ, ഇത്തവണ വലിയ പ്രതീക്ഷയോടുകൂടി തന്നെയായിരുന്നു ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ക്രിസ്‌മസ്, ന്യൂ ഇയർ ആഘോഷങ്ങളെ നോക്കി കണ്ടിരുന്നത്. പ്രതീക്ഷിച്ചതിലും അധികം സഞ്ചാരികൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് മടങ്ങി.

രാമക്കൽമേട് മാത്രം 50,000ത്തോളം സഞ്ചാരികൾ എത്തിയതായാണ് ഡിടിപിസി ജീവനക്കാർ പറയുന്നത്. രാമക്കൽമേട്ടിൽ വീണ്ടും ആരംഭിച്ച ഒട്ടക സവാരിയും സഞ്ചാരികളെ ആകർഷിച്ചു. ഡിടിപിസിക്ക് പുറമേ ഹോംസ്റ്റേകൾ, റിസോർട്ടുകൾ, ഓഫ് റോഡ് ജീപ്പ് സവാരികൾ, ട്രക്കിങ്, സ്പൈസസ് ഗാർഡനുകൾ, ആയുർവേദ ചികിത്സ കേന്ദ്രങ്ങൾ എന്നിവയ്‌ക്കൊക്കെ മെച്ചപ്പെട്ട ദിനങ്ങളായിരുന്നു കടന്നുപോയത്. വരും ദിവസങ്ങളിലും കൂടുതൽ സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയാണ് ഡിടിപിസിക്ക് ഉള്ളത്.

ഗ്രാമങ്ങളിലേക്കും സഞ്ചാരികളുടെ ഒഴുക്ക്; ഡിടിപിസിയുടെ മാട്ടുപ്പെട്ടി, രാമക്കല്‍മേട്, അരുവിക്കുഴി, ശ്രീനാരായണപുരം, വാഗമണ്‍ മൊട്ടക്കുന്ന്, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്, പാഞ്ചാലിമേട്, ഇടുക്കി ഹില്‍ വ്യൂ പാര്‍ക്ക്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഡിസംബർ അവസാന വാരത്തിൽ എത്തിയത് ആയിരകണക്കിന് സഞ്ചാരികളാണ് എത്തിയത്. ക്രിസ്‌മസ് ദിനത്തില്‍ 21,749 സന്ദര്‍ശകർ ഡിടിപിസി കേന്ദ്രങ്ങളില്‍ എത്തിയെന്നാണ് കണക്ക്. വാഗമണ്‍ മൊട്ടക്കുന്ന്, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ കൂടുതല്‍ സഞ്ചാരികള്‍ എത്തി.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേതുപോലെ ഹെെറേഞ്ചിലെ വിദൂര ഗ്രാമങ്ങളില്‍ പോലും സഞ്ചാരികളെത്തുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. ജീപ്പ് സഫാരി നടത്തുന്നവരും പാക്കേജ് ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്ന ഹോട്ടലുകളുമാണ് സന്ദര്‍ശകരെ ഗ്രാമങ്ങളിലേക്ക് എത്തിക്കുന്നത്. ഗ്രാമീണ‍ വിനോദ സഞ്ചാര മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായി നാട്ടുകാരും പറയുന്നു.

സഞ്ചാരികളെ ആകർഷിക്കുന്നതിനായി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കലാമേളകളും സംഘടിപ്പിച്ചിരുന്നു. ജനുവരി പകുതിവരെ സഞ്ചാരികളുടെ തിരക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ABOUT THE AUTHOR

...view details