ഇടുക്കി: സംസ്ഥാനത്ത് വർഷങ്ങൾക്ക് മുൻപ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നരബലികളില്‍ ഒന്ന് രാമക്കല്‍മേട് സ്വദേശിയായ റഹ്‌മത്ത് കുട്ടിയുടെ മരണമാണ്. അന്ന് ആഭിചാരക്രിയകള്‍ക്ക് മുന്‍പില്‍ പൊലിഞ്ഞ് പോയത് ഒരു ബാലന്‍റെ ജീവൻ. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും രാമക്കല്‍മേട് നിവാസികള്‍ക്ക് നടുക്കുന്ന ഓര്‍മയാണ് റഹ്മത്ത് കുട്ടിയുടെ മരണം.
അത്രയും ക്രൂരമായാണ് അച്ഛനും കൂട്ടാളികളും ചേര്‍ന്ന് എട്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയത്. ഇരുകണ്ണുകളും ചൂഴ്‌ന്നെടുത്ത്, മൂക്ക് മുറിച്ച് മാറ്റി, പുക്കിളിനു ചുറ്റിലും സ്വകാര്യ ഭാഗങ്ങളിലും ഇരുമ്പ് കമ്പികള്‍ കുത്തിയിറക്കിയുമാണ് റഹ്മത്ത് കുട്ടിയെ കൊലപ്പെടുത്തിയത്. നിധി കുംഭം ലഭിയ്‌ക്കുന്നതിന് വേണ്ടി അച്ഛനും രണ്ടാനമ്മയും സഹോദരിയും അയല്‍വാസിയും ചേര്‍ന്ന് ബാലനെ ബലി നല്‍കുകയായിരുന്നു.
1983 ജൂണ്‍ 29നാണ് രാമക്കല്‍മേട്ടിലെ തോവാളപ്പടി എന്ന കൊച്ചു ഗ്രാമം നരബലിയ്ക്ക് സാക്ഷ്യം വഹിയ്‌ക്കേണ്ടി വന്നത്. വീട്ടില്‍ ചില പൂജകള്‍ നടക്കുന്നെന്നും തന്‍റെ രക്തം പൂജയ്‌ക്കായി ശേഖരിച്ചെന്നും സുഹൃത്തുക്കളോട് റഹ്മത്ത് കുട്ടി പറഞ്ഞിരുന്നു. തനിയ്‌ക്ക് അപകടം സംഭവിയ്‌ക്കുമോ എന്ന ആശങ്കയും ബാലൻ സുഹൃത്തുക്കളോടായി പങ്ക് വെച്ചു.