ഇടുക്കി:പ്രാവുകളുടെ ലോകത്ത് മനസുകൊണ്ട് പറന്ന് നടക്കുകയാണ് രാജകുമാരി മാങ്ങാത്തൊട്ടി സ്വദേശി ഷൈജു പീറ്റർ. കുട്ടിക്കാലം മുതൽ പ്രാവുകളോട് തോന്നിയ ഇഷ്‌ടമാണ് ഇപ്പോൾ മുപ്പതിൽപ്പരം വ്യത്യസ്ത ഇനം പ്രാവുകളുടെ പരിപാലകനായി ഷൈജുവിനെ മാറ്റിയത്. പ്രാവുകളുടെ വിദേശ, സ്വദേശ ഇനങ്ങളടങ്ങിയ വലിയ ശേഖരത്തിന്‍റെ പരിപാലനത്തിലൂടെ മികച്ച വരുമാനമാർഗം കൂടി കണ്ടെത്തിയിരിക്കുകയാണ് ഷൈജു.
നാടൻ പ്രാവുകളിലുമേറെ ഏറെ വിദേശ ഇനങ്ങളാണ് ഷൈജുവിൻ്റെ പക്കൽ ഉള്ളത് ഉള്ളത്. ജോഡി ഏഴായിരം വില വരുന്ന ബ്യൂട്ടി ഹോമർ, ഓസ്ട്രേലിയൻ, സിറാസ്, മൂവായിരം മുതൽ വിലയുള്ള മുഖി-രാജസ്ഥാൻ, ലാഹോറി, ബർപ്പൻ, ഫാന്‍റേൽ - അമേരിക്ക തുടങ്ങിയ ഇനങ്ങളും അവയിലുൾപ്പെടുന്നു. ഷൈജുവിന്‍റെ പ്രാവ് പ്രേമമറിഞ്ഞ് നിരവധി പേർ കാണാനും വാങ്ങാനും എത്തുന്നുണ്ട്.
പ്രാവുകളോടുള്ള 'പ്രേമം' പരിപാലകനാക്കി; ഷൈജുവിന് ഇപ്പോൾ ഉപജീവനവും... മുട്ടയിടുന്നതിനും അവയെ വിരിയിച്ചെടുക്കുന്നതിനുമായി കൂടുകളിൽ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കി കരുതലോടെയാണ് പ്രാവുകളെ പരിപാലിക്കുന്നത്. ചിട്ടയായ ഭക്ഷണരീതിയോടൊപ്പം പ്രതിരോധ മരുന്നുകളും വളരെ ശ്രദ്ധയോടെ നൽകിപ്പോരുന്നു. തെന, ചോളം, നെൽകതിർ, അരി എന്നിവ പൊടിയാക്കിയതാണ് പ്രധാനഭക്ഷണം. വൈകുന്നേരം പ്രാവുകളെ പുറത്തിറക്കി അൽപനേരം വിടും. ഒന്നും ഷൈജുവിന്‍റെ വിളിപ്പുറം വിട്ട് പുറത്തുപോകില്ല. അനുസരണയോടെ പറക്കുകയും സമയക്രമമനുസരിച്ച് കൂട്ടിൽ കയറുകയും ചെയ്യും.
കൊല്ലം, തൃശൂർ, എറണകുളം എന്നിവിടങ്ങളിൽ നിന്നാണ് പ്രാവുകളെ ശേഖരിക്കുന്നത്. ഭാര്യ ബിന്ദുവും മക്കളായ ആമോസും അക്ഷയയും പ്രാവ് വളർത്തിലിന് പിന്തുണയുമായുണ്ട്. മാങ്ങാത്തൊട്ടി ശാരോൻ ഫെലോഷിപ്പ് ചർച്ചിലെ ശുശ്രൂഷകൻ കൂടിയായ ഷൈജു, നിരവധി ക്രിസ്തീയ ഭക്തിഗാന ആൽബങ്ങൾക്ക് രചനയും സംഗീതവുമൊരുക്കിയിട്ടുണ്ട്.
ALSO READ:കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സർട്ടിഫിക്കറ്റുകൾ; ലോക റെക്കോഡ് സ്വന്തമാക്കി മലയോര ദമ്പതികൾ