കേരളം

kerala

ETV Bharat / state

രാജകുമാരിയെ സ്വന്തമാക്കാൻ ഇടത്- വലത് മുന്നണികൾ - ladf

കഴിഞ്ഞ തവണ നാല് വര്‍ഷം യുഡിഎഫ് ഭരിച്ചപ്പോള്‍ അവസാന വര്‍ഷം കൂറുമാറ്റത്തിലൂടെ ഭരണം ഇടത് കൈകളിലെത്തി. ഇക്കാരണത്താൽ പഞ്ചായത്ത് പിടിച്ചടക്കാനുള്ള അഭിമാന പോരാട്ടത്തിലാണ് ഇരുമുന്നണികളും.

idukki rajakumari local boady election  രാജകുമാരി പഞ്ചായത്ത്  ഇടുക്കി  യുഡിഎഫ്  എൽഡിഎഫ്  ബിജെപി  bjp  ladf  udf
രാജകുമാരിയെ സ്വന്തമാക്കാൻ ഇടത്- വലത് മുന്നണികൾ

By

Published : Nov 16, 2020, 3:56 PM IST

Updated : Nov 16, 2020, 4:56 PM IST

ഇടുക്കി: നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വേദിയായിട്ടുള്ള പഞ്ചായത്താണ് രാജകുമാരി. കഴിഞ്ഞ തവണ നാല് വര്‍ഷം യുഡിഎഫ് ഭരിച്ചപ്പോള്‍ അവസാന വര്‍ഷം കൂറുമാറ്റത്തിലൂടെ ഭരണം ഇടത് ചേരിയിലെത്തി. ഇക്കാരണത്താല്‍ പഞ്ചായത്ത് പിടിച്ചടക്കാനുള്ള അഭിമാന പോരാട്ടത്തിലാണ് ഇരുമുന്നണികളും. പേര് പോലെ അത്ര മനോഹരമല്ല രാജകുമാരിയുടെ രാഷ്ട്രീയ ചരിത്രം.

പഞ്ചായത്ത് രൂപീകരിച്ച കാലഘട്ടം മുതല്‍ നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ക്കാണ് ഇവിടം വേദിയായത്. രൂപീകരണ കാലഘട്ടത്തില്‍ കേരളാ കോണ്‍ഗ്രസിനായിരുന്നു ഭരണ നേതൃത്വം. പിന്നീട് ഇടത്, വലത് മുന്നണികള്‍ പഞ്ചായത്തിന്‍റെ ഭരണം കൈയടക്കി. 1995ല്‍ ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നപ്പോള്‍ യുഡിഎഫിനായിരുന്നു ഭരണം.

ആറ് മാസത്തിന് ശേഷം കേരളാ കോണ്‍ഗ്രസിലെ കെ.ജി ശ്രീധര പണിക്കര്‍ സിപിഎം പിന്തുണയോടെ പ്രസിഡന്‍റായി. പിന്നീട് എല്‍ഡിഎഫിന്‍റെ ഭരണത്തുടർച്ചയ്‌ക്കാണ് രാജകുമാരി സാക്ഷ്യം വഹിച്ചത്. എന്നാൽ 2015ലെ തെരഞ്ഞെടുപ്പില്‍ ഭരണം യുഡിഎഫ് തിരികെ പിടിച്ചെടുത്തു. 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഏഴ് വാര്‍ഡുകള്‍ കരസ്ഥമാക്കിയാണ് യുഡിഎഫ് അധികാരത്തിലേറിയത്.

രാജകുമാരിയെ സ്വന്തമാക്കാൻ ഇടത്- വലത് മുന്നണികൾ

മുന്നണി ധാരണ പ്രകാരം ആദ്യ മൂന്ന് വര്‍ഷം കോണ്‍ഗ്രസിലെ പി.ടി എല്‍ദോയും നാലാം വര്‍ഷം കേരളാ കോണ്‍ഗ്രസിലെ എ.പി വര്‍ഗീസും പ്രസിഡന്‍റായി. അവസാന വര്‍ഷം കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പി.പി ജോയിക്ക് പ്രപ്രസിഡന്‍റ് സ്ഥാനം നല്‍കാനായിരുന്നു ധാരണ. എന്നാല്‍ എ.പി വര്‍ഗീസ് സ്ഥാനം ഒഴിയാന്‍ താമസിച്ചത് ഭിന്നതകള്‍ക്ക് ഇടയാക്കി. പിന്നീട് എ.പി വര്‍ഗീസ് സ്ഥാനം ഒഴിഞ്ഞെങ്കിലും തുടര്‍ന്ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ടി.സി ബെന്നി കൂറുമാറി സിപിഎം പിന്തുണയോടെ പ്രസിഡന്‍റായി. അവസാന കാലയളവില്‍ പ്രസിഡന്‍റ് പദവി ഇടത് പക്ഷത്തും വൈസ് പ്രസിഡന്‍റ് പദവി യുഡിഎഫിലുമായിരുന്നു.

നാല് വര്‍ഷം കൊണ്ട് മികച്ച ഭരണമാണ് പഞ്ചായത്തില്‍ നടപ്പിലാക്കിയതെന്നാണ് യുഡിഎഫിന്‍റെ വാദം. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും സ്വാധീനമുള്ള പഞ്ചായത്തിൽ ഇത്തവണ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന ആത്മവിശ്വസത്തിലാണ് പ്രവര്‍ത്തകര്‍. എന്നാൽ അവസാന ഒരു വര്‍ഷം കൊണ്ട് പഞ്ചായത്തിന് പുതിയ മുഖം നല്‍കാനായെന്നാണ് എല്‍ഡിഎഫിന്‍റെ അവകാശവാദം. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം കൂടി മുന്നണിയില്‍ എത്തിയതോടെ കഴിഞ്ഞ തവണ കൈവിട്ട പഞ്ചായത്ത് ഇത്തവണ ഇടത് ചേരിയിലെത്തുമെന്നാണ് കണക്ക് കൂട്ടല്‍.

കുളപ്പറച്ചാലിലെ കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കിന്‍റെ നിലവിലെ അവസ്ഥ, മഞ്ഞക്കുഴി ആദിവാസികുടിയിലെ പ്രശ്‌നങ്ങള്‍,രാജകുമാരി ബസ് സ്റ്റാന്‍റ് ഉള്‍പ്പടെയുള്ള ടൗണ്‍ വികസനം തുടങ്ങി നിരവധി വിഷങ്ങള്‍ തെരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാവും. ശക്‌തരായ ഇടതു- വലതു മുന്നണികൾക്കൊപ്പം കരുത്ത് തെളിയ്ക്കാന്‍ ബിജെപിയും മികച്ച സ്ഥാനാര്‍ത്ഥികളുമായി രംഗത്തുണ്ട്.

Last Updated : Nov 16, 2020, 4:56 PM IST

ABOUT THE AUTHOR

...view details