ഇടുക്കി:രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെ മിനി ആംബുലന്‍സ് പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ലെന്ന് പരാതി. വിദഗ്‌ധ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് പോകുന്ന രോഗികൾക്ക് സ്വാകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സമീപ പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 108 ആംബുലൻസ് സേവനം ലഭ്യമാകുമ്പോഴും രാജകുമാരി കുടുംബ ആരോഗ്യകേന്ദ്രത്തിന് സ്വന്തമായി ആംബുലൻസ് ഇല്ലാത്ത സാഹചര്യമായിരുന്നു.
പൊതുജനങ്ങള്‍ക്ക് പ്രയോജനമില്ലാതെ രാജകുമാരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഇതിനെ തുടർന്നാണ് ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് രാജകുമാരി കുടുംബ ആരോഗ്യകേന്ദ്രത്തിന് മിനി ആംബുലൻസ് അനുവദിക്കുന്നത്. ഇതിനായി 12 ലക്ഷം രൂപയാണ് അനുവദിച്ചത്. പുതിയ ആംബുലൻസ് വാങ്ങിയെങ്കിലും സേവനം ഇതുവരെ ലഭ്യമല്ല.
രോഗികള്‍ക്ക് ഇപ്പോഴും സ്വകാര്യ ആംബുലന്‍സ് സര്‍വിസുകളാണ് ആശ്രയം. സ്വകാര്യ ആംബുലൻസുകളെ സഹായിക്കുന്ന നിലപാടാണ് പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു. ആംബുലന്‍സിന് മാത്രമായി ഡ്രൈവറെ നിയമിച്ചിട്ടില്ല.
കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്കാണ് താത്‌കാലിക ചുമതല. എന്നാല്‍ ഈ ഡ്രൈവര്‍ക്ക് ആംബുലന്‍സ് കൂടി ഓടിക്കാനുള്ള സമയം ലഭിക്കാറില്ല. ആംബുലൻസിന് മാത്രമായി ഒരു ഡ്രൈവറെ നിയമിക്കണമെന്നും ആംബുലൻസ് വിളിക്കുവാനുള്ള മൊബൈൽ നമ്പർ പഞ്ചായത്തിന്‍റെ വിവിധ കേന്ദ്രങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ആംബുലൻസ് സേവനം ലഭ്യമാകുന്നില്ല എന്ന പരാതി അടിസ്ഥാനരഹിതമാണ്. ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടാൽ സേവനം ലഭ്യമാണ്. ഡ്രൈവറെ നിയമിക്കുന്നതിൽ നിയമ തടസമുള്ളതുകൊണ്ടാണ് നിയമിക്കാത്തത്. സ്വകാര്യ ആംബുലൻസുകളെക്കാൾ കുറഞ്ഞ നിരക്കിൽ സേവനം നൽകുവാനുള്ള ഫണ്ട് നിലവിൽ ഇല്ല എന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുമ ബിജു പറഞ്ഞു.
എന്നാൽ പഞ്ചായത്ത് ഫണ്ട് കണ്ടെത്തി ആംബുലന്‍സ് സേവനം ജനങ്ങൾക്ക് എത്തിച്ചു നൽകണം. ആംബുലന്‍സ് തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമല്ലാത്ത അഞ്ച് പഞ്ചായത്തുകളിലെ സാധാരണക്കാരായ രോഗികള്‍ക്ക് ഈ മിനി ആംബുലന്‍സ് സര്‍വിസ് തുടങ്ങിയാല്‍ ഏറെ പ്രയോജനകരമാകും.