ഇടുക്കി: 12685 വോട്ടർമാരുള്ള രാജാക്കാട് ഗ്രാമപഞ്ചായത്തില്‍ ഇക്കുറി 34 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. മൂന്ന് മുന്നണിക്ക് പുറമെ സ്വതന്ത്രരും ഇത്തവണ ജനവിധി തേടുന്നുണ്ട്. അധികാരം പിടിച്ചെടുക്കാന്‍ യു.ഡി.എഫും, നിലനിര്‍ത്താന്‍ എൽ.ഡി.എഫും ഊർജിത പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആറ് വാര്‍ഡുകളില്‍ എൻ.ഡി.എക്കും സ്ഥാനാർഥികളുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ജനോപകാരപ്രദമായ പദ്ധതികളും പഞ്ചായത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനങ്ങളിൽ എത്തിച്ചാണ് ഇടതുപക്ഷം ഇത്തവണ ഗ്രാമപഞ്ചായത്ത് ഭരണം നിലനിർത്താൻ കച്ചമുറുക്കിയത്.
ഇടതുപക്ഷത്തെ പ്രതിനിധികരിച്ച് സിപിഐഎംല്‍ നിന്നും ഒമ്പത് പേരും, സിപിഐയിൽ നിന്ന് രണ്ട് പേരും, കേരളാ കോണ്‍ഗ്രസിൽ (മാണി) നിന്നും രണ്ട് പേരുമാണ് മത്സരിക്കുന്നത്. എൽ.ഡി.എഫ് പിന്തുണയോടുകൂടി ഒരു സ്വതന്ത്ര സ്ഥാനാർഥിയും മത്സരരംഗത്തുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ വിരുദ്ധ നയങ്ങളും പഞ്ചായത്തിന്‍റെ വികസന മുരടിപ്പും ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് വോട്ട് തേടുന്നത്.