ഇടുക്കി: രാജാക്കാട് മേഖലയില്‍ വെട്ടുകിളി ശല്യം രൂക്ഷമാകുന്നു. മാരാര്‍സിറ്റി കുരിശുംപടിയ്ക്ക് സമീപമുള്ള കൃഷിയിടങ്ങളിലാണ് ഇത് രൂക്ഷമായിരിക്കുന്നത്.
പെരുകിലം ചെടികളിലാണ് വെട്ടുകിളിയെ ആദ്യം കര്‍ഷകര്‍ കണ്ടത്. പിന്നീട് ഇവയെ വ്യാപകമായി ഏലത്തോട്ടങ്ങളില്‍ കണ്ടെത്തുകയായിരുന്നു. ഏലം ചെടികളുടെ ഇലകളും കൂമ്പുമാണ് ഇവ തിന്നുന്നത്. വിലത്തകര്‍ച്ചയിലും ഉത്പാദനക്കുറവിലും നട്ടം തിരിയുന്ന ഏലം കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമാണ് വെട്ടുകിളി ശല്യം.
രാജാക്കാട് വെട്ടുകിളി ശല്യം രൂക്ഷം ; ആശങ്കയോടെ കര്‍ഷകര്‍ Also read: ലോക്ക്ഡൗണും പ്രകൃതി ക്ഷോഭവും; പ്രതിസന്ധിയിലായി ഏലം കര്‍ഷകര്‍
ചിറകുള്ളതും ചിറകില്ലാത്തതുമായ രണ്ടു തരം വെട്ടുകിളികളാണ് ഏലച്ചെടിയുടെ ഇലകള്‍ തിന്നുന്നത്. ഏലം കൂടാതെ പേര, ചീമക്കൊന്ന എന്നിവയുടെ ഇലകളും ഇവ നശിപ്പിക്കുന്നു.
ചെടിയില്‍ അനക്കമുണ്ടാകുമ്പോള്‍ ചിറകില്ലാത്തവ നിലത്തേക്ക് ചാടും. ചിറകുള്ളവ അടുത്തതിലേക്ക് പറന്നുപോയി ഇരിക്കും. ചിറകുള്ളവയ്ക്ക് രണ്ട് ഇഞ്ച് നീളമുണ്ട്. വെട്ടുകിളികളെ തുരത്താന്‍ അധികൃതരുടെ ഭാഗത്തുനിന്ന് സഹായങ്ങളുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.