ഇടുക്കി:"ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത. കേരളത്തില്‍ പരക്കെ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മുന്നറിയിപ്പുള്ള ജില്ലകളില്‍ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും സുരക്ഷിത മേഖലകളില്‍ തുടരണമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്".
കൃഷി ഉപജീവനമാർഗമാക്കിയ ഇടുക്കിക്കാർക്ക് മുൻകാലങ്ങളില്‍ കൃത്യമായ സമയത്ത് മഴ ലഭിക്കുന്നത് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോൾ വരുന്ന മഴയും മലവെള്ളപ്പാച്ചിലും അപ്രതീക്ഷിതമാണ്. കഴിഞ്ഞ ദിവസം നേര്യമംഗലം വനമേഖലയിലുണ്ടായ ശക്തമായ മഴയില്‍ കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിൽ അതിശക്തമായ മഴവെള്ളപ്പാച്ചിൽ രൂപപ്പെട്ടത് യാത്രക്കാരെ ഭീതിയിലാക്കിയിരുന്നു. ഇന്ന് രാവിലെ അണകെട്ടുകളിലേക്ക് നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്ന് കല്ലാർ, പാംബ്ല അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തുകയും ചെയ്‌തു. പെരിയാറിന്‍റെ ഇരുകരകളിലും ജാഗ്രത നിർദേശമാണ്.
കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴയില്‍ ജില്ലയിലെ ചെറുകിട അണക്കെട്ടുകൾ എല്ലാം നിറഞ്ഞിട്ടുണ്ട്. പൊന്മുടി, കുണ്ടള, മലങ്കര, മാട്ടുപ്പെട്ടി എന്നിവ പരമാവധി സംഭരണ ശേഷിയിലാണ്. അതിനിടെ ഇന്ന് ചേറ്റുകുഴി- കമ്പംമെട്ട് റോഡിലും കൂട്ടാർ റോഡിലും മണ്ണിടിച്ചലുണ്ടായി.
ഇന്നലെ നെടുങ്കണ്ടം പച്ചടി പത്തവളവിലും പേത്തൊട്ടി ഞണ്ടാർ മെട്ടിലും ഉരുൾപൊട്ടിയിരുന്നു. 25 കുടുംബങ്ങളെയാണ് ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. അഞ്ച് വർഷം മുൻപ് ഉരുൾപൊട്ടി മൂന്ന് പേർ മരണത്തിന് കീഴടങ്ങിയ പ്രദേശമാണിത്. ഇതോടെ ഇടിച്ചുകുത്തിപ്പെയ്യുന്ന തുലാവർഷത്തിന് മുൻപ് തന്നെ ഇടുക്കിയുടെ മലയോര മേഖല ഭീതിയിലാണ്. മഴ മാത്രമല്ല, മഴയ്ക്ക് മുൻപേ എത്തുന്ന ഇടിമിന്നലും ഇടുക്കിയെ പേടിപ്പിക്കുന്നുണ്ട്. രണ്ട് പേർക്കാണ് കഴിഞ്ഞ ദിവസം ഇടിമിന്നലില്‍ പരിക്കേറ്റത്.