ഇടുക്കി: ജില്ലയിൽ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. വരും ദിവസങ്ങളിലും മഴ കനക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ അതീവ ജാഗ്രതയിലാണ് ജില്ല. രാത്രികാല യാത്രയ്‌ക്ക് നിയന്ത്രണവും വിനോദ സഞ്ചാര മേഖലയ്‌ക്ക് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയാണ് യാത്ര നിയന്ത്രണം.
മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക്: ശക്തമായ മഴയെ തുടർന്ന് ആനച്ചാൽ തട്ടാത്തിമുക്കിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരിക്കേറ്റു. വലിയപാടത്ത് ആലീസ് ജോയിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിൽ ശക്തമായി പെയ്‌ത മഴയിൽ വീടിന്‍റെ സമീപത്തെ മൺതിട്ട ഇടിഞ്ഞുവീണ് വീടിന്‍റെ ഭിത്തി തകർന്നാണ് പരിക്കേറ്റത്. കോലഞ്ചേരിയില്‍ ചികിത്സയില്‍ കഴിയുന്ന ആലീസിന്‍റെ നില ഗുരുതരമാണ്.
ചെറുകിട അണക്കെട്ടുകൾ തുറന്നു:ജില്ലയിലെ പുഴകളുടെയും തോടുകളുടെയും നീരൊഴുക്ക് വർധിച്ചതോടെ ചെറുകിട അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. പൊന്മുടി, കല്ലാര്‍കുട്ടി, പാമ്പ്ല അണക്കെട്ടുകളാണ് തുറന്നത്. മഴ ശക്തമായി തുടർന്നാൽ തുറന്നിരിക്കുന്ന അണക്കെട്ടുകളില്‍ നിന്നും അധിക ജലം പുറത്തേക്ക് ഒഴുക്കും. പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശം നല്‍കിയിട്ടുണ്ട്.
ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 134.65 അടിയാണ്. എന്നാല്‍ റൂള്‍കര്‍വ്വ് പ്രകാരം മുല്ലപ്പെരിയാറില്‍ 137 അടിവരെ ജലം സംഭരിക്കാനാകും. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. ഇടുക്കി അണക്കെട്ടിലും 66 ശതമാനം മാത്രമാണ് വെള്ളമുള്ളത്.