ഇടുക്കി:മഴക്കെടുതിയും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.60 അടിയായി ഉയര്‍ന്ന സാഹചര്യത്തിലും ജില്ലയില്‍ അടിയന്തര നടപടികള്‍. ഡാമിലെ ജലനിരപ്പും ബന്ധപ്പെട്ട കാര്യങ്ങളും അടിയന്തരമായി വിവരം കൈമാറാനും നടപടികള്‍ സ്വീകരിക്കുന്നതിനും കണ്‍ട്രോള്‍ റൂം സ്ഥാപിച്ചു. മുല്ലപ്പെരിയാര്‍ ഡാം സൈറ്റില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് മുന്‍കരുതല്‍ നടപടികള്‍.
ഇവിടെ ജീവനക്കാരെ വിന്യസിക്കുകയും ചെയ്‌തു. മുല്ലപ്പെരിയാര്‍ ഡാമിലേക്ക് അടിയന്തരമായി എത്തിച്ചേരുന്നതിന് വള്ളക്കടവ് - ഡാം സൈറ്റ് റോഡിലെ തകര്‍ന്ന ചപ്പാത്ത് ദ്രുതഗതിയില്‍ താത്ക്കാലികമായി അറ്റകുറ്റപണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കി. അടിയന്തര ഘട്ടത്തില്‍ പെരിയാറിനോട് ചേര്‍ന്ന് താമസിക്കുന്ന ജനങ്ങളെ ഒഴിപ്പിക്കുക്കുന്നതിനും മറ്റ് സഹായങ്ങള്‍ക്കുമായി നടപടി സ്വീകരിച്ചു. ഇതിനായി വള്ളക്കടവ് റെയ്ഞ്ച് കേന്ദ്രീകരിച്ച് മുഴുവന്‍ ജീവനക്കാരുടേയും താത്ക്കാലിക വാച്ചര്‍മാരുടേയും സേവനം ഉറപ്പാക്കി.
തേക്കടി കേന്ദ്രീകരിച്ച് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്
പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍റെ അധീനതയിലുള്ള ബോട്ടുകളും മറ്റ് വാഹനങ്ങളും പൂര്‍ണമായും സജ്ജമാക്കി. കനത്ത മഴപെയ്യുന്ന സാഹചര്യത്തില്‍ വഞ്ചിവയല്‍ ആദിവാസി കോളനി ഒറ്റപ്പെട്ടാല്‍ സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് പെരിയാറിന്‍റെ മറുവശത്ത് വാഹനം ഏര്‍പ്പാടുചെയ്‌തു. ഇവിടെ താത്‌ക്കാലിക വാച്ചര്‍മാരെ വിന്യസിപ്പിച്ചു. തേക്കടി കേന്ദ്രീകരിച്ച് പ്രത്യേക പരിശീലനം ലഭിച്ച സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ(എസ്.ടി.എഫ്) സജ്ജമാക്കി.
വഞ്ചിവയല്‍ കോളനി ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ ജീവനക്കാര്‍ രാത്രികാല പരിശോധനകള്‍ നടത്തിവരുന്നു. അപകട ഭീഷണിയുയര്‍ത്തുന്നതും ഗതാഗത തടസങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതുമായ വൃക്ഷങ്ങള്‍ മുറിച്ച് മാറ്റി സുരക്ഷിതത്വം ഉറപ്പാക്കി.
പെരിയാറിന് കുറുകെ വള്ളക്കടവ് - വഞ്ചിവയല്‍ ആദിവാസി കോളനിയിലേയ്ക്കുള്ള പാലത്തില്‍ വന്നടിഞ്ഞ തടികളും മറ്റുതടസങ്ങളും നീക്കം ചെയ്‌ത് നീരൊഴുക്ക് സുഗമമാക്കി.
മഴക്കെടുതി നേരിടാനുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഡെപ്യൂട്ടി ഡയറക്ടര്‍ പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍റെ മേല്‍നോട്ടത്തില്‍ ഏകോപിപ്പിക്കുകയും ദുരന്ത നിവാരണ അതോറിറ്റിയുടെ സമയാസമയങ്ങളിലുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കുകയും ചെയ്‌തുവരുന്നു.
ALSO READ:മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമോ ? ; പരിസ്ഥിതി ശാസ്ത്രജ്ഞന്‍ സുഭാഷ് ചന്ദ്രബോസിന് പറയാനുള്ളത്