ഇടുക്കി: പൂപ്പാറ ടൗണിലെ പഴയ പാലത്തിന് നടുവിലെ അശാസ്ത്രീയമായ കോൺക്രീറ്റ് പാളിയിലിടിച്ച് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാകുന്നു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയും മൂന്നാർ-കുമളി സംസ്ഥാനപാതയും സംഗമിക്കുന്ന പൂപ്പാറ ടൗണിലെ പാലമാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്. നിരവധി അപകടങ്ങൾ ഉണ്ടായിട്ടും ദേശീയപാത അധികൃതർ മൗനം പാലിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
തുടര്‍ക്കഥയായി വാഹനാപകടങ്ങള്‍
പൂപ്പാറ ടൗണിലെ വീതി കുറഞ്ഞ പാലം ദേശീയപാത അധികൃതർ നിർമിച്ചതോടെയാണ് നടുവിലായി രണ്ടരയടിയോളം ഉയരത്തിൽ കോൺക്രീറ്റ് പാളികൾ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഇവിടെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറി. രാത്രി കാലങ്ങളിലാണ് വാഹനങ്ങൾ കൂടുതലും അപകടത്തിൽപ്പെടുന്നത്. പാലത്തിന് നടുവിലെ ഉയരം കുറഞ്ഞ കോൺക്രീറ്റ് പാളികൾ പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്തതാണ് അപകടങ്ങൾക്ക് കാരണം.
അപകട കെണിയായി പൂപ്പാറയിലെ പഴയ പാലം; മൗനം പാലിച്ച് അധികൃതര്‍ കഴിഞ്ഞ ഒരാഴ്‌ചയ്ക്കുള്ളിൽ എട്ടോളം വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. മൂന്നാർ തേക്കടി മേഖലയിലേക്ക് എത്തുന്ന സഞ്ചാരികളുടെ വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കോൺക്രീറ്റ് പാളിയിൽ ഇടിച്ചുകയറുന്ന വാഹനങ്ങളുടെ എഞ്ചിൻ ഭാഗങ്ങൾ തകരുകയും പാലത്തിന് നടുവിൽ നിന്നും കെട്ടിവലിച്ച് മാറ്റേണ്ടേ അവസ്ഥയിലാണ്.
മൗനം പാലിച്ച് അധികൃതര്‍
നൂറുക്കണക്കിന് വാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടും പ്രദേശവാസികൾ നിരന്തരം പരാതികൾ നൽകിയിട്ടും ദേശീയപാത അധികൃതർ നാളിതുവരെ യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല. നിലവിൽ പ്രദേശവാസികളുടെ നേതൃത്വത്തിൽ റിബൺ വലിച്ചുകെട്ടി താല്‍ക്കാലിക മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കിയിരിക്കുകയാണ്. പൂപ്പാറ ടൗണിൽ സ്ഥാപിച്ചിരിക്കുന്ന ബോഡിമെട്ട് റോഡിന്‍റെ നിർമാണ ശിലാഫലകവും വാഹനം ഇടിച്ചതിനെ തുടർന്ന് എപ്പോള്‍ വേണമെങ്കിലും മറിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്.
Also read:ഇടുക്കി പൂപ്പാറയിലെ പുതിയപാലം യാഥാർഥ്യമാകുന്നു