കേരളം

kerala

ETV Bharat / state

ഇടുക്കിയെന്ന മലയോര മണ്ണിന്‍റെ മനസില്‍ ആര് കുടിയേറും

കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍, പ്രളയ പുനരധിവാസം തുടങ്ങിയവയാണ് ജില്ലയിലെ ചര്‍ച്ചാ വിഷയങ്ങള്‍. സ്വന്തം ശക്തി കേന്ദ്രങ്ങളില്‍ ജയിച്ചുകയറുക എന്നത് ജോസ്- ജോസഫ് വിഭാഗങ്ങൾക്ക് അഭിമാന പ്രശ്നമാണ്.

idukki election  idukki political situation  kerala election latest news  കേരള തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  ഇടുക്കി വാര്‍ത്തകള്‍  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
ഇടുക്കി

By

Published : Mar 29, 2021, 3:40 PM IST

ഇടുക്കി: മണ്ണിനോട് മല്ലടിച്ചും മൃഗങ്ങളോട് പോരാടിയും മണ്ണില്‍ പൊന്നു വിളയിക്കുന്ന മലയോര കർഷകന്‍റെ മനസുറപ്പുള്ള ഇടുക്കി. കൃഷിയും ടൂറിസവുമാണ് എന്നും ഇടുക്കിയുടെ ചർച്ചാ വിഷയം. രണ്ട് പ്രളയങ്ങൾ, അതിനു പിന്നാലെ കൊവിഡ് കൂടി എത്തിയതോടെ നഷ്ടമായ ജീവിത സ്വപ്നങ്ങൾ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് മലയോര കർഷകർ. കസ്‌തൂരിരംഗൻ റിപ്പോർട്ടും പട്ടയ പ്രശ്നവും എന്നും ചർച്ചയാണ് ഇടുക്കിയില്‍. ഇത്തവണ ഇടുക്കി ജില്ലയിലെ മണ്ഡലങ്ങളുടെ വിധി നിർണയിക്കുന്നത് രണ്ട് മുന്നണികളിലായി മാറിയ കേരള കോൺഗ്രസുകൾ കൂടിയാകും. സ്വന്തം ശക്തി കേന്ദ്രങ്ങളില്‍ ജയിച്ചുകയറുക എന്നത് ജോസ്- ജോസഫ് വിഭാഗങ്ങൾക്ക് അഭിമാന പ്രശ്നമാണ്. അതോടൊപ്പം തമിഴ്‌നാടിനോട് അതിർത്തി പങ്കിടുന്ന മണ്ഡലങ്ങളില്‍ തോട്ടം മേഖലയിലെ തൊഴിലാളികളും മുന്നണികളുടെ ജയപരാജയത്തില്‍ നിർണായകമാണ്. എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികൾക്കൊപ്പം എൻഡിഎയില്‍ അണ്ണാഡിഎംകെ കൂടി ചേരുന്നതോടെ പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ വീഴും. എന്നും വലതുപക്ഷത്തോട് ചേർന്ന് നില്‍ക്കാനാണ് ഇടുക്കിയിലെ ഭൂരിപക്ഷം മണ്ഡലങ്ങളും താല്‍പര്യം കാണിച്ചിട്ടുള്ളത്. പക്ഷേ പിന്നീട് പലപ്പോഴും ഇടതു പക്ഷത്തെയും ഇടുക്കി സ്വീകരിച്ചിട്ടുണ്ട്.

ഇടുക്കിയെന്ന മലയോര മണ്ണിന്‍റെ മനസില്‍ ആര് കുടിയേറും

2016 ലെ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാരില്‍ മൂന്ന് പേര്‍ ഇടതുസ്ഥാനാര്‍ഥികളായിരുന്നു. ദേവികുളത്ത് 5728 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച എസ്. രാജേന്ദ്രനും ഉടുമ്പൻ ചോലയില്‍ 1109 വോട്ടിന്‍റെ മുൻതൂക്കത്തില്‍ കഷ്‌ടിച്ച് ജയിച്ച് കയറിയ എം.എം മണിയും 314 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ മാത്രം രക്ഷപ്പെട്ട ഇ.എസ് ബിജിമോളുമാണ് ജില്ലയില്‍ നിന്ന് നിയമസഭയിലെത്തിയ ഇടത് സ്ഥാനാര്‍ഥികള്‍. കേരള കോൺഗ്രസ് സ്ഥാനാര്‍ഥികളായ പി.ജെ.ജോസഫ് തൊടുപുഴയിൽ നിന്നും റോഷി അഗസ്റ്റിന്‍ ഇടുക്കിയിൽ നിന്നും യുഡിഎഫ് എംഎല്‍എമാരായി. എന്നാല്‍ കേരള കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്ന് ജോസ് പക്ഷം ഇടതുപാളയത്തിലെത്തിയതോടെ റോഷി അഗസ്‌റ്റിൻ ഇന്ന് എല്‍ഡിഎഫിന്‍റെ ഭാഗമാണ്. ഫലത്തില്‍ ജില്ലയില്‍ നിന്നുള്ള ഏക യുഡിഎഫ് എംഎല്‍എ പി.ജെ ജോസഫ് മാത്രമാണ്.

കേരള കോണ്‍ഗ്രസുകാർ തമ്മിലുള്ള പോരാട്ടമാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം. തൊടുപുഴയില്‍ പി.ജെ ജോസഫിനെതിരെ ജോസ് കെ. മാണി പക്ഷം നേതാവ് കെ.ഐ. ആന്‍റണിയാണ് രണ്ടില ചിഹ്നത്തില്‍ എല്‍ഡിഎഫിനായി മത്സരിക്കുന്നത്. ശ്യാംരാജ്.പി ബിജെപിക്ക് വേണ്ടിയും രംഗത്തുണ്ട്. ഇടുക്കിയിലും സമാന പോരാട്ടമാണ്. കഴിഞ്ഞ തവണ യുഡിഎഫ് ബാനറില്‍ ജയിച്ച റോഷി അഗസ്‌റ്റിൻ ഇന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ്. മറുവശത്ത് ജോസഫ് പക്ഷക്കാരൻ കെ. ഫ്രാൻസിസ് ജോര്‍ജ് യുഡിഎഫിന് വേണ്ടി മത്സരിക്കുന്നു. എൻഡിഎയില്‍ നിന്ന് സീറ്റ് ലഭിച്ച ബിഡിജെഎസ് സംഗീത വിശ്വനാഥനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ദേവികുളത്തെ ഇടതുപക്ഷത്തിന്‍റെ മുഖമായിരുന്ന എസ്. രാജേന്ദ്രൻ ഇത്തവണ രംഗത്തില്ല. പകരം യുവ നേതാവ് എ. രാജയെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. ഡി. കുമാറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എന്‍ഡിഎ സ്ഥാനാര്‍ഥി ധനലക്ഷ്മിയുടെ പത്രിക തള്ളിയതോടെ സ്വതന്ത്ര സ്ഥാനാര്‍ഥി എസ്. ഗണേശനെ പിന്തുണയ്‌ക്കാൻ എൻഡിഎ തീരുമാനിച്ചിട്ടുണ്ട്.

ഉടുമ്പൻചോലയില്‍ നേരിയ വ്യത്യാസത്തില്‍ നഷ്‌ടപ്പെട്ട സീറ്റ് പിടിച്ചെടുക്കാൻ കരുത്തനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. ഇ.എം. ആഗസ്തിയാണ് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് തേടുന്നത്. മന്ത്രി എം.എം മണിക്ക് എല്‍ഡിഎഫ് വീണ്ടും അവസരം നല്‍കിയിട്ടുണ്ട്. എൻഡിഎയ്‌ക്ക് വേണ്ടി ബിഡിജെഎസ്‌ സ്ഥാനാര്‍ഥി സന്തോഷ് മാധവനാണ് മത്സര രംഗത്തുള്ളത്. പീരുമേട്ടില്‍ ഇത്തവണ ബിജിമോളില്ല. പകരം വാഴൂര്‍ സോമനാണ് സിപിഐ ചിഹ്നത്തില്‍ എല്‍ഡിഎഫിന് വേണ്ടി മത്സരിക്കുന്നത്. സിറിയക് തോമസാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ശ്രീനഗരി രാജൻ എൻഡിഎയ്‌ക്ക് വേണ്ടിയും മത്സരിക്കുന്നു. കേരള കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത് ജോസഫ്‌ പക്ഷമായിരുന്നു. അതുവഴി മേഖലയില്‍ യുഡിഎഫിനുണ്ടായ മുൻതൂക്കവും നഷ്‌ടപ്പെട്ടു. 52 ഗ്രാമപഞ്ചായത്തിൽ 22 എണ്ണം മാത്രമാണ് യുഡിഎഫ് നേടിയത്. 28 ഇടത്ത് എല്‍ഡിഎഫും രണ്ടിടത്തും മറ്റുള്ളവരും അധികാരത്തിലിരിക്കുന്നു. എട്ടു ബ്ലോക്ക് പഞ്ചായത്തില്‍ നാലെണ്ണം വീതം എൽഡിഎഫും യുഡിഎഫും നേടി. ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത് എൽഡിഎഫാണ്.

കാലങ്ങളായി മേഖലയില്‍ താമസിക്കുന്ന ഭൂരിപക്ഷം കര്‍ഷകര്‍ക്കും ഭൂമിക്ക് പട്ടയം കിട്ടാക്കനിയാണ്. ഒരു മന്ത്രിയടക്കം ഉണ്ടായിട്ടും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താൻ എല്‍ഡിഎഫ് സര്‍ക്കാരിനായിട്ടില്ലെന്നാണ് യുഡിഎഫ് വാദം. പ്രചാരണരംഗത്ത് യുഡിഎഫ് പ്രധാന പ്രചാരണായുധമാക്കുന്നതും ഇതേ വിഷയമാണ്. സമരങ്ങളും പ്രാദേശിക ഹര്‍ത്താലുകളുമായി വിഷയം സജീവമാക്കി നിര്‍ത്താനും യുഡിഎഫ് ശ്രമിക്കുന്നുണ്ട്. കത്തോലിക്ക സഭയുടെ നിലപാടും വോട്ട് വിഹിതത്തെ കാര്യമായി സ്വാധീനിക്കും. മറുവശത്ത് പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങളിലെ മികവ് വോട്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. 2018 പ്രളയത്തില്‍ തകര്‍ന്ന ജില്ലയെ ഇന്നത്തെ അവസ്ഥയിലേക്ക് തിരിച്ചെത്തിച്ചതില്‍ ഇടത് സര്‍ക്കാരിന്‍റെ പങ്ക് വളരെ വലുതാണ്. തകര്‍ന്ന റോഡുകളും പാലങ്ങളും പുനര്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ലൈഫ് മിഷനിലൂടെ നിരവധി വീടുകളും ജില്ലയില്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.

ജോസഫ്‌ - ജോസ് പോരിന്‍റെ ഏറ്റവും ഉയര്‍ന്ന തലമായിരിക്കും ഈ നിയസഭ തെരഞ്ഞെടുപ്പ്. ഇടുക്കി നിലനിര്‍ത്തുകയും തൊടുപുഴ പിടിച്ചെടുക്കുകയും കൂടി ചെയ്‌താല്‍ ജോസ് കെ. മാണി ഇടത് മുന്നണിയില്‍ കൂടുതല്‍ കരുത്തനാകും. ജില്ലയിലെ മറ്റ് സീറ്റുകളില്‍ നേടിയ വിജയത്തിന്‍റെ പങ്ക് പറ്റാനും ജോസ് കെ. മാണിക്കാകും. മറുവശത്ത് തൊടുപുഴയും ഇടുക്കിയും നഷ്‌ടപ്പെടുന്നത് ജോസഫിന് ചിന്തിക്കാൻ കഴിയുന്നത് പോലുമല്ല. ഒപ്പം സംസ്ഥാനമാകെ മികച്ച പ്രതിച്ഛായയുള്ള മന്ത്രി എം.എം മണിക്ക് ഉടുമ്പൻചോല നിലനിര്‍ത്താനാകുമോയെന്നതും എല്ലാവരും ഉറ്റുനോക്കുന്നതാണ്. മുമ്പ് മണിയെ തോല്‍പ്പിച്ച ചരിത്രമുള്ള ആഗസ്‌തിക്ക് ആ കരുത്ത് വീണ്ടും കാട്ടാനായാല്‍ യുഡിഎഫിന് അത് വലിയ നേട്ടമാണ്.

ABOUT THE AUTHOR

...view details