ഇടുക്കി: കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമ കേസുകളില്‍ ഇടുക്കി പോക്‌സോ അതിവേഗ കോടതിയുടെ വിധി. ഇടുക്കി, രാജക്കാട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത നാല് വ്യത്യസ്‌ത കേസുകളിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്കും ലൈംഗിക ചുഷണങ്ങള്‍ക്കുമെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് ഇടുക്കി കോടതിയുടെ നിര്‍ണായക വിധി.
ഇടുക്കി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2019 നവംബറിനും 2020 മാര്‍ച്ചിനുമിടയിലാണ് ഓട്ടോ ഡ്രൈവറായ വിമല്‍ ആറ് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടി പീഡന വിവരം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ചൈല്‍ഡ് ലൈനില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് പ്രതിയെ പിടികൂടി. കുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിച്ചതില്‍ പ്രതിയ്‌ക്ക് എതിരെ കോടതി 81 വര്‍ഷം തടവും 31,000 രൂപ പിഴയും വിധിച്ചു.
2019ല്‍ രാജാക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പത്ത് വയസ് പ്രായമുള്ള ആണ്‍കുട്ടിയെ അയല്‍വാസിയായ പ്രതി അഭിലാഷ് വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ വിവിധ വകുപ്പുകളിലായി പ്രതിക്ക് നാല്‍പ്പത് വര്‍ഷം തടവും കോടതി വിധിച്ചു. 2021ല്‍ രാജാക്കാട് സ്റ്റേഷന്‍ പരിധിയില്‍ തന്നെ 15 വയസുകാരി തനിച്ചുള്ള സമയത്ത് വീട്ടില്‍ അതിക്രമിച്ചത് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ഇത് ചോദ്യം ചെയ്‌ത മാതാവിനെ മര്‍ദ്ദിക്കുകയും ചെയ്‌ത കേസില്‍ 40കാരനായ പ്രതി തങ്കത്തിന് 12 വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
2018ല്‍ ആറ് വയസുള്ള ആണ്‍കുട്ടിയെ അയല്‍വാസിയായ 44കാരന്‍ സുരേഷ് വീട്ടിലേക്ക് വിളിച്ചുകൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയ കേസില്‍ വിവിധ വകുപ്പുകളിലായി 37 വര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ക്കുള്ള ഏറ്റവും മാതൃകാപരമായ വിധിയാണ് ഇതെന്ന് പൊതുപ്രവര്‍ത്തകരടക്കം അഭിപ്രായപ്പെട്ടു.