ഇടുക്കി:1928-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് പതിച്ച് നല്‍കിയ രാജമുദ്രയുള്ള പട്ടയം കൈവശം ഉണ്ട്. പക്ഷെ ഇന്ന് അതിന് വെറും കടലാസിന്‍റെ വില പോലുമില്ല. മക്കളുടെ വിദ്യാഭ്യാസത്തിനായി ഒരു ബാങ്ക് വായ്‌പ പോലും ലഭ്യമല്ല. ഇടിഞ്ഞു വീഴാറായ വീടുകളിലും തൊഴിലാളി ലയങ്ങളിലും ദുരിത ജീവിതം നയിക്കുകയാണ് ഇടുക്കി പേത്തൊട്ടി നിവാസികൾ.
മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തിന് ഒരു കിലോമീറ്റര്‍ പരിധി ബഫര്‍ സോണായി നിശ്‌ചയിച്ചുകൊണ്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനം ഇറക്കിയതോടെ തുടങ്ങിയതാണ് ഇവിടുത്തെ കർഷകരുടെ ദുരിതം. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് പോലും രാജ മുദ്രയുള്ള പട്ടയം ഈടു വച്ചാലും ബാങ്കുകൾ ലോൺ നൽകാത്ത സാഹചര്യം.
രാജ മുദ്രയുള്ള പട്ടയത്തിന് കടലാസിന്‍റെ വില പോലുമില്ല; ബഫർ സോണിൽ ദുരിതത്തിലായി ഇടുക്കി പേത്തൊട്ടി നിവാസികൾ ലോൺ എടുത്ത് മക്കൾക്ക് വിദ്യഭ്യസം നൽകാനുള്ള അവകാശം പോലും ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ പേത്തൊട്ടി, കോരമ്പാറ മേഖലയിലെ കര്‍ഷക ജനതയ്‌ക്ക് നിഷേധിക്കപ്പെടുന്ന അവസ്ഥ. ദേശീയോദ്യാനം ആക്കിയപ്പോൾ സന്തോഷത്തോടെ ഏറ്റെടുത്ത ജനതയ്‌ക്ക് തുടര്‍ന്ന് ഉണ്ടായത് ആശങ്കയുടെ നാളുകൾ. തിരുവിതാംകൂർ ഭരണകൂടം 1897ൽ സംരക്ഷിത വനമായി തിരിച്ചിട്ട മതികെട്ടാൻ ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് 2003ലാണ്.
പൂപ്പാറ, ശാന്തൻപാറ വില്ലേജുകളുമായി അതിർത്തി പങ്കിടുന്ന 12.8 ചതുരശ്ര കിലോമീറ്റർ വനമാണ് മതികെട്ടാൻ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ഇതോടെ ഈ വനമേഖലയോട് ചേർന്ന് വർഷങ്ങളായി കൃഷി ചെയ്‌തിരുന്ന കർഷകരെ കുടിയിറക്കി വിട്ടു. പട്ടയഭൂമി നഷ്‌ടപരിഹാരമില്ലാതെ വിട്ടുകൊടുക്കേണ്ടി വന്ന ഒട്ടേറെ ആളുകൾ.
നാട്ടുകാരുടെ പണം: ദേശീയോദ്യാനം എന്നാൽ വിനോദ പാർക്കാണെന്നും ശാന്തൻപാറ, പേത്തൊട്ടി, പൂപ്പാറ തുടങ്ങിയ സ്ഥലങ്ങളെല്ലാം വിനോദ സഞ്ചാര കേന്ദ്രങ്ങളാകുമെന്നും കർഷകരെ അധികൃതർ തെറ്റിദ്ധരിപ്പിച്ചു. നാടിന്‍റെ വികസനത്തിനും വനസംരക്ഷണത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ നാട്ടുകാർ പണം പിരിച്ചെടുത്താണ് ദേശീയോദ്യാനത്തിന്‍റെ ഇൻഫർമേഷൻ സെന്‍റർ നിർമിക്കാൻ ഭൂമി വാങ്ങിയതും കെട്ടിടം നിർമിച്ചതും.
എന്നാൽ തുടർന്ന് മതികെട്ടാൻ ചോലയുടെ അതിർത്തി മേഖലകളിലും നിയന്ത്രണങ്ങൾ വന്നു. ടൂറിസവും നാടിന്‍റെ വികസനവും സ്വപ്‌നം കണ്ട് മണ്ണിൽ വിയർപ്പൊഴുക്കി ഉണ്ടാക്കിയതെല്ലാം ദേശീയോദ്യാനത്തിന് വിട്ടു നൽകിയ കർഷകർ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും വലിച്ചെറിയപ്പെട്ടു. നിർമാണ വിലക്ക് നേരിടുന്ന പ്രദേശത്ത് ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ച വീട് പോലും നിർമിക്കുവാൻ സാധിക്കുന്നില്ല.
ഏത് നിമിഷവും വീഴാം:പ്ലാസ്‌റ്റിക് ഷീറ്റുകൾ വലിച്ചു കെട്ടിയ ഷെഡുകളിൽ മക്കളെ മാറോട് ചേർത്തുപിടിച്ച് മഴക്കാലത്തെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിൽ കഴിയുകയാണ് നിരവധി കർഷക കുടുംബങ്ങൾ. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മിച്ച തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളുടെ അറ്റകുറ്റപണികള്‍ പോലും നടത്താന്‍ അനുമതിയില്ല. ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ കെട്ടിടങ്ങളിലാണ് തൊഴിലാളികളുടെ ജീവിതം.
ഇവയൊന്നും പുനര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. സിഎച്ച്‌ആര്‍ വനമാണെന്ന അവകാശവാദം ഉന്നയിച്ച് വനം വകുപ്പ് റിസര്‍വ് വനത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു. ഇതൊന്നും അറിയാതെ കർഷകരും തോട്ടം തൊഴിലാളികളും ഇന്നും പ്രതീക്ഷയോടെ സർക്കാർ ഓഫിസുകൾ കയറി ഇറങ്ങുകയാണ്, സ്വന്തമായി ഒരു വീടെന്ന സ്വപ്‌നവും നെഞ്ചിലേറ്റി.