ഇടുക്കി: കുരുമുളകിന് വില ഇടിയുന്നത് മലയോര മേഖലയിലെ കർഷകർക്ക് തിരിച്ചടിയാകുന്നു. വിളവെടുപ്പ് കാലമായപ്പോൾ വിലയിടിയുന്നത് കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ചെറുകിട കർഷകരെയാണ് വിലയിടിവ് കൂടുതലായും ബാധിക്കുന്നത്.
കുരുമുളകിന് വില ഇടിയുന്നു ഹൈറേഞ്ചിൽ കാപ്പിയും കുരുമുളകുമെല്ലാം മൂപ്പെത്തി വിളവെടുക്കാൻ പാകമാവുകയാണ്. വരും മാസങ്ങളിൽ അവ വിളവെടുക്കാനും വിപണിയിലെത്തിക്കാനും കർഷകർ തയ്യാറെടുക്കുമ്പോഴാണ് വില ഇടിയാൻ തുടങ്ങിയിട്ടുള്ളത്. ഏറെ നാളുകൾക്ക് ശേഷം ഈ വർഷം കുരുമുളകിന് കിലോഗ്രാമിന് 600 രൂപ വില ലഭിച്ചിരുന്നു.
പിന്നീട് വില താഴ്ന്ന് 500 നടുത്ത് വരെയെത്തി. നിലവിൽ വില 500നും താഴെ പോകുന്ന സ്ഥിതിയാണ്. ഈ സാഹചര്യമാണ് കർഷകരെ ആശങ്കയിലാക്കുന്നത്. വിളവെടുപ്പ് ആരംഭിച്ച് ഉത്‌പന്നം കൂടുതലായി വിപണിയിലെത്തുമ്പോൾ വിലയിൽ ഇനിയും ഇടിവുണ്ടാകുമോയെന്ന ആശങ്കയിലാണ് കർഷകർ.
കുരുമുളകിന് പുറമെ കാപ്പിയുടെയും വിലയിൽ ഇടിവുണ്ടായിട്ടുണ്ട് . നിലവിൽ ഏലത്തിന് ഉണ്ടായിട്ടുള്ള വിലയിടിവ് കാർഷിക മേഖലക്ക് കഴിഞ്ഞ കുറച്ച് നാളുകളായി കനത്ത പ്രഹരം ഏൽപ്പിച്ചിട്ടുണ്ട്. അതേസമയം വളത്തിന്‍റെയും കീടനാശിനിയുടെയും വില വർധനവും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ് .