ഇടുക്കി :അരിക്കൊമ്പന്‍റെ ആക്രമണം രൂക്ഷമായതോടെ ശാന്തൻപാറ പന്നിയാർ എസ്‌റ്റേറ്റിൽ റേഷൻ വിതരണം പോലും അവതാളത്തില്‍. 15 മാസത്തിനിടെ ആറാം തവണയാണ് അരിക്കൊമ്പന്‍ റേഷന്‍ കട തകര്‍ക്കുന്നത്. ഇതോടെ പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ചാക്കുകണക്കിന് അരിയാണ് കാട്ടുകൊമ്പൻ നശിപ്പിക്കുന്നത്. അതേസമയം അടച്ചുറപ്പുള്ള കെട്ടിടം പണിയുകയോ മറ്റേതെങ്കിലും സുരക്ഷിത സ്ഥലത്തേക്ക് റേഷൻ കട മാറ്റുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുറുമ്പ് ഇത്തിരി കൂടുതല്‍ : കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെയാണ് അരിക്കൊമ്പന്‍ പന്നിയാറില്‍ നാശം വിതച്ചത്. റേഷന്‍ കടയുടെ ഭിത്തി പൊളിച്ച് ഒരു ചാക്ക് കുത്തരി പുറത്തെടുത്ത് കഴിക്കുകയായിരുന്നു. അരി ഇഷ്‌ട ആഹാരമായതിനാലാണ് ഒറ്റയാനെ അരിക്കൊമ്പനെന്ന് നാട്ടുകാര്‍ വിളിക്കുന്നത്. റേഷന്‍ കടയുടേയും ഷെഡ്ഡുകളുടെയും ഭിത്തി തകര്‍ത്ത് ഇവന്‍ അരി അപഹരിക്കുന്നത് പതിവാണ്. കഴിഞ്ഞ 15 മാസത്തിനിടെ ആറ് തവണ പന്നിയാറില്‍ ഇത്തരത്തില്‍ റേഷന്‍ കടയ്ക്ക് നേരെ ആക്രണമുണ്ടായി. പത്ത് ചാക്കിലധികം അരിയും ആട്ടയും നഷ്‌ടപ്പെടുകയും ചെയ്‌തു.
മുടങ്ങാതെ റേഷന്‍ കിട്ടാന്‍ എന്താണ് മാര്‍ഗം: 26 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചൂണ്ടല്‍ സ്വദേശിയായ ആന്‍റണി ഇവിടെ റേഷന്‍ കട ആരംഭിച്ചത്. ഇക്കാലത്തിനിടെ നിരവധി തവണ കടയ്ക്ക് നേരെ ആനയുടെ ആക്രമണമുണ്ടായി. തുടര്‍ച്ചയായ ആനയുടെ ആക്രമണം കനത്ത സാമ്പത്തിക ബാധ്യതയ്ക്കും ഇടയാക്കി.