നെടുങ്കണ്ടത്ത് ജനവാസ മേഖലയ്‌ക്ക് സമീപം കാട്ടുതീ ഇടുക്കി: നെടുങ്കണ്ടത്ത് ജനവാസ മേഖലയ്‌ക്ക് സമീപം കാട്ടുതീ. പ്രദേശത്തെ ഏക്കറോളം പുല്‍മേടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. ബേഡ്‌മെട്ട് മാലിന്യ സംസ്‌കരണ പ്ലാന്‍റിന് എതിര്‍വശത്തായി ഇന്നലയോടെയായിരുന്നു തീ പടര്‍ന്നത്.
മലയുടെ അടി വാരത്ത് നിന്നും തീ മുകളിലേക്ക് കത്തി കയറുകയായിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് തീ ജനവാസ മേഖലയിലേക്ക് വ്യാപിച്ചത്. തീ ഉയരുന്നത് കണ്ട് പ്രദേശവാസികള്‍ വീടുകളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ ഉള്‍പ്പടെ മാറ്റി.
തീപിടിത്തത്തില്‍ കൃഷിയിടങ്ങളിലും നാശ നഷ്‌ടം സംഭവിച്ചു. അഗ്നിബാധയില്‍ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച ഹോസുകളും നശിച്ചു. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
അതേസമയം, അഗ്നിബാധ മാലിന്യ പ്ലാന്‍റിലേയ്ക്ക് പടരാതിരുന്നതിനെ തുടര്‍ന്ന് മേഖലയില്‍ വന്‍ ദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ വര്‍ഷം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടിത്തം പത്ത് ദിവസത്തോളം അണയ്‌ക്കാന്‍ സാധിച്ചിരുന്നില്ല. പ്ലാന്‍റില്‍ നിന്നും വിഷപുക ഉയര്‍ന്നത് മൂലം പ്രദേശവാസികള്‍ ശ്വാസ തടസവും ദേഹാസ്വസ്ഥ്യവും നേരിട്ടിരുന്നു.