ഇടുക്കി :മഹാത്മാഗാന്ധിയുടെ മഹദ് വചനം എഴുതി സംരക്ഷിച്ചിരുന്ന സ്‌തൂപത്തിന് സമീപം മാലിന്യ നിക്ഷേപ കേന്ദ്രമാക്കിയതായി പരാതി. ഇടുക്കി നെടുങ്കണ്ടത്തെ ഗാന്ധി സ്‌മാരകത്തോട് ചേര്‍ന്നാണ്, ഗ്രാമ പഞ്ചായത്ത് മാലിന്യ നിക്ഷേപത്തിനായി വേസ്റ്റ് ബിന്‍ സ്ഥാപിച്ചത്. ഇതാണ് മഹദ്‌വചനമെഴുതിയ സ്‌തൂപം മാലിന്യ നിക്ഷേപ കേന്ദ്രമാകാന്‍ കാരണമായത്. ആക്ഷേപം ശക്തമായതോടെ, ഞായറാഴ്‌ച (ഓഗസ്റ്റ് 14) ഓട്ടോറിക്ഷ തൊഴിലാളികള്‍ ചേര്‍ന്ന് പ്രദേശത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്‌തു.
മാലിന്യ കേന്ദ്രമായി ഗാന്ധിയുടെ മഹദ്വചന സ്‌തൂപം, വൃത്തിയാക്കി ഒരു കൂട്ടം ഓട്ടോ തൊഴിലാളികള്‍
ഇടുക്കി നെടുങ്കണ്ടത്തെ ഗാന്ധി മഹദ്‌വചന സ്‌തൂപത്തിന് സമീപത്താണ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയത്. ഓട്ടോ തൊഴിലാളികള്‍ ഇടപെട്ട് ഇത് മാറ്റുകയും പെയിന്‍റ് ചെയ്‌ത് വൃത്തിയാക്കുകയുമായിരുന്നു
ശേഷം, സ്‌തൂപം കഴുകി വൃത്തിയാക്കി. തുടര്‍ന്ന് പെയിന്‍റ് ചെയ്യുകയും മഹദ്‌വചനം വീണ്ടും എഴുതിച്ചേര്‍ക്കുകയും ചെയ്‌തു. കാല്‍ നൂറ്റാണ്ട് മുന്‍പാണ്, നെടുങ്കണ്ടം കിഴക്കേ കവലയിലെ ഷോപ്പിങ് കോംപ്ലക്‌സിന് മുന്‍ വശത്തായി, ഗാന്ധിജിയുടെ ചിന്തകള്‍ കുറിച്ചുകൊണ്ട് സ്‌മാരക ശില സ്ഥാപിച്ചത്. പിന്നീട് ഗാന്ധി ജയന്തി ദിനത്തിലടക്കം ഇവിടെ പുഷ്‌പാര്‍ച്ചന നടത്തിയിരുന്നു.
എന്നാല്‍, ഏതാനും നാളുകളായി ശിലയും പരിസരവും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്നു. സമീപത്തെ ബാങ്കില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഇവിടെ നിക്ഷേപിക്കുകയുണ്ടായി. സ്‌തൂപത്തിന്‍റെ സമീപത്ത് പഞ്ചായത്ത് വേസ്റ്റ് ബിന്നും സ്ഥാപിച്ചതോടെ, ഇവിടം പൂര്‍ണമായും മാലിന്യ നിക്ഷേപ കേന്ദ്രമായി മാറുകയായിരുന്നു.