ഇടുക്കി: മുന്നണി സമവാക്യങ്ങള്‍ മാറിയതോടെ ഇടുക്കിയിലെ നെടുങ്കണ്ടത്ത് ഇത്തവണ പോരാട്ടം കനക്കും. ജില്ലയിലെ വലുതും ജനസംഖ്യ ഏറിയതുമായ പഞ്ചായത്തുകളില്‍ ഒന്നാണ് നെടുങ്കണ്ടം. ഉടുമ്പന്‍ചോല താലൂക്കിന്‍റെ ആസ്ഥാനം കൂടിയായ നെടുങ്കണ്ടത്തിന് ജില്ലയുടെ രാഷ്ട്രീയ, സാംസ്‌കാരിക, കാര്‍ഷിക, സമര രംഗങ്ങളില്‍ നിര്‍ണായക സ്ഥാനമുണ്ട്. ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നതിന് ശേഷം മൂന്ന് തവണ യുഡിഎഫും രണ്ട് തവണ എല്‍ഡിഎഫും പഞ്ചായത്ത് ഭരിച്ചു. കഴിഞ്ഞ രണ്ട് ടേമുകളില്‍ തുടര്‍ച്ചായി മൃഗീയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം കൈയടക്കിയത്. 22 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസ് 15, കേരളാ കോണ്‍ഗ്രസ് എം മൂന്ന്, സിപിഎം രണ്ട്, സിപിഐ ഒന്ന്, സ്വതന്ത്ര ഒന്ന് എന്നതാണ് കക്ഷി നില. ഗ്രാമീണ മേഖലകളില്‍ അടക്കം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ പഞ്ചായത്തിന്‍റെ ഭരണം ഒരിക്കല്‍ കൂടി യുഡിഎഫിന്‍റെ കൈകളില്‍ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.
ഇടുക്കിയിലെ നെടുങ്കണ്ടത്ത് ഇത്തവണ പോരാട്ടം കനക്കും - വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി
22 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസ് 15, കേരളാ കോണ്‍ഗ്രസ് എം മൂന്ന്, സിപിഎം രണ്ട്, സിപിഐ ഒന്ന്, സ്വതന്ത്ര ഒന്ന് എന്നതാണ് കക്ഷി നില
![ഇടുക്കിയിലെ നെടുങ്കണ്ടത്ത് ഇത്തവണ പോരാട്ടം കനക്കും idukki nedumkandam election news ഇടുക്കി നെടുങ്കണ്ടം തെരഞ്ഞെടുപ്പ് നെടുങ്കണ്ടം വാര്‍ത്തകള്‍ nedumkandam election news വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9518924-955-9518924-1605155568793.jpg)
വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാമ്പ്. ജില്ലാ ആശുപത്രി, സ്റ്റേഡിയം, ടൂറിസം വികസനം, വിവിധ റോഡുകള്‍ തുടങ്ങി നിരവധി പദ്ധതികളാണ് നെടുങ്കണ്ടം കേന്ദ്രമാക്കി മന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നത്. കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍ഡിഎഫില്‍ എത്തിയതോടെ നെടുങ്കണ്ടത്ത് കടുത്ത മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. കഴിഞ്ഞ തവണ യുഡിഎഫിലായിരുന്നപ്പോള്‍ ഏഴ് വാര്‍ഡുകളിലാണ് കേരളാ കോണ്‍ഗ്രസ് മത്സരിച്ചത്. അഞ്ചിടത്ത് കോണ്‍ഗ്രസിന്‍റെ വിമതന്‍മാരുമായിട്ടായിരുന്നു പ്രധാന മത്സരം. എല്‍ഡിഎഫില്‍ എത്തിയതോടെ വിമത ശല്യം ഇല്ലാതായെന്നും കേരളാ കോണ്‍ഗ്രസിന് സ്വാധീനമുള്ള മുഴുവന്‍ വാര്‍ഡുകളിലും വിജയം സുനിശ്ചിതമാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
ജോസ് വിഭാഗത്തിന്‍റെ മുന്നണി മാറ്റം ജോസഫ് വിഭാഗത്തിലൂടെ പരിഹരിക്കാനാവുമെന്നാണ് യുഡിഎഫ് കരുതുന്നത്. കേരളാ കോണ്‍ഗ്രസിന്‍റെ ഭൂരിപക്ഷം പ്രവര്‍ത്തകരും ഇപ്പോഴും മുന്നണിയ്‌ക്കൊപ്പമുണ്ടെന്നാണ് അവകാശ വാദം. ഇത്തവണ വിമത ശല്യം ഇല്ലാതാക്കാനും യുഡിഎഫ് ശ്രമം ആരംഭിച്ചിട്ടുണ്ട്. വിവിധ മുന്നണികളിലായി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ആര്‍എസ്‌പി തുടങ്ങിയ ഘടക കക്ഷികളും മത്സരിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ തട്ടകമായ ഉടുമ്പന്‍ചോലയിലെ പ്രധാന പഞ്ചായത്തായ നെടുങ്കണ്ടത്ത് അഭിമാന പോരാട്ടത്തിലാണ് ഇരുമുന്നണികളും. തങ്ങളുടെ സ്വാധീന മേഖലകളിലെ ജനകീയരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി പഞ്ചായത്തില്‍ കരുത്ത് തെളിയിക്കാന്‍ ബിജെപിയും ശ്രമിക്കുന്നതോടെ പോരാട്ടം ശക്തമാകും.