ഏഴ് ദിവസം കൊണ്ട് എവറസ്റ്റ് ക്യാമ്പിലെത്തി മടങ്ങി ഇടുക്കി സ്വദേശികള്‍ ഇടുക്കി: ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തി തിരിച്ചിറങ്ങിയ നേട്ടം സ്വന്തമാക്കിയത് രണ്ട് മലയാളികള്‍ ഉള്‍പ്പെട്ട ഒരു സംഘമാണ്. ഇടുക്കിയിലെ കുടിയേറ്റ ഗ്രാമമായ ബൈസണ്‍വാലി സ്വദേശികളായ സുധീഷും ഇളയച്ഛന്‍ മനോജുമാണ് ഈ നേട്ടം സ്വന്തം പേരിലാക്കിയത്. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവരുടെ യാത്ര.
സാധാരണഗതിയില്‍ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് എത്താന്‍ ഏകദേശം 14 ദിവസമെങ്കിലും ആവശ്യമാണ്. എന്നാല്‍ ബൈസണ്‍വാലി സ്വദേശികള്‍ ഈ യാത്ര പൂര്‍ത്തിയാക്കിയത് ഏഴ് ദിവസം കൊണ്ടായിരുന്നു. ലക്ഷദ്വീപ് സ്വദേശിയായ ഫയാസും (22) ഉണ്ടായിരുന്നു ഇവര്‍ക്കൊപ്പം യാത്രയില്‍. ആദ്യമായി എവറസ്റ്റ് ബേസ് ക്യാമ്പിലെത്തുന്ന ലക്ഷദ്വീപ് സ്വദേശിയാണ് ഫയാസ്.
നാല് ദിവസം കൊണ്ട് തന്നെ ബേസ് ക്യാമ്പിലെത്തിയ ഇവര്‍ അന്ന് തന്നെ അവിടുന്ന് മടങ്ങിയിരുന്നു. മടക്കയാത്ര മൂന്ന് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഗൈഡുകളുടെ സഹായമില്ലാതെയായിരുന്നു തങ്ങളുടെ യാത്രയെന്ന് സുധീഷും മനോജും പറയുന്നു.
സ്റ്റോക്ക് കാൻഗിരി എന്ന കൊടുമുടി കയറാൻ കശ്‌മീരിലെ ലഡാക്കിൽ എത്തിയതാണ് സുധീഷ്. പല സമയത്തായി 20 തവണ സ്റ്റോക്ക് കാൻഗിരി കീഴടക്കിയ സുധീഷ് പിന്നീട് ലഡാക്കിൽ തന്നെ താമസമാക്കി. അഞ്ച് വർഷം മുൻപ് സുധീഷും ഭാര്യ ജോഷ്‌നയും ചേർന്ന് ലഡാക്കിൽ ട്രാവൽ ഏജൻസിയും റസ്റ്റോറന്‍റും തുടങ്ങിയിരുന്നു.
യാത്രകളെ ഏറെ ഇഷ്‌ടപ്പെടുന്ന ഇരുവരും ഇന്ത്യയിൽ ഇനി കാണാത്ത സ്ഥലങ്ങളില്ല. ഒന്നര വർഷം മുൻപ് ജോഷ്‌ന സ്‌കൂട്ടറിൽ ലഡാക്കിന് സമീപത്തെ ഗർതുംല മുതൽ കുട്ടനാട് വരെ ഒറ്റയ്ക്ക് യാത്ര ചെയ്‌തിരുന്നു. സുധീഷിന്‍റെ ഇളയച്ഛനായ മനോജ് മൂന്നാറിൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ആളാണ്. യാത്രകളെ ജീവനുതുല്യം സ്നേഹിക്കുന്ന ഇവർക്കൊക്കെയും ഇനിയും കീഴടക്കാൻ സ്വപ്‌നങ്ങളുടെ ഒരായിരം കൊടുമുടികൾ ഉണ്ട്.