ഇടുക്കി: മറയൂര്‍ ചന്ദനം ഇ-ലേലത്തിനായി ചെത്തിയൊരുക്കി ലോട്ടുകളാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ശേഖരിച്ചിരിക്കുന്ന ചന്ദനങ്ങള്‍ ഒരുക്കുന്നതിലും ലേലത്തില്‍ അംഗങ്ങള്‍ പങ്കെടുക്കുന്നതിനും തടസങ്ങള്‍ ഉണ്ടായിരുന്നു.
മറയൂര്‍ മേഖലയിലെ ആദിവാസികുടികളില്‍ നിന്നുമുള്ളവരാണ് ചന്ദനം ചെത്തി ലോട്ടുകള്‍ ഒരുക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ വാക്‌സിന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിച്ച ശേഷമാണ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ലേലം ആഗസ്റ്റിലെന്ന് വനം വകുപ്പ്
സാധാരണയായി ഓരോ ലേലത്തിനും 50 മുതല്‍ 100 ടണ്ണോളം ചന്ദനമാണ് ഡിപ്പോയില്‍ ഒരുക്കുന്നത്. എന്നാല്‍ ഇത്തവണത്തെ പ്രതിസന്ധികള്‍ മൂലം 25 മുതല്‍ 30 ടണ്‍വരെയാണ് ഉള്ളത് .ഇത്തവണ ആഗസ്റ്റ് മാസത്തില്‍ ലേലം നടത്താന്‍ സാധിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
ഓരോ വര്‍ഷവും ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ലേലം നടത്താറ്. 15 ലോട്ടുകളായി തിരിച്ചാണ് മറയൂര്‍ ചന്ദന ലേലം നടക്കാറുള്ളത്. ഇതില്‍ ഏറ്റവുമധികം വില ലഭിക്കുന്നത് ബുദ്ധ ഇനത്തില്‍പെട്ട ചന്ദന ലോട്ടുകള്‍ക്കാണ്. ഒരു കിലോയ്ക്ക് ജി.എസ്.ടി ഉള്‍പ്പെടെ ഇരുപത്തിമുവായിരം രൂപ വരെ വിലയായി ലഭിക്കാറുണ്ട്.
ALSO READ:കൊവിഡിനെ തടവിലാക്കി, ജയിലുകൾ സമ്പൂർണ വാക്‌സിനേഷനിലേക്ക്