ഇടുക്കി: മറയൂര്‍ മേഖലയില്‍ ഏറ്റവുമധികം കവുങ്ങുകളും തെങ്ങുകളും നിറഞ്ഞ ഗ്രാമമാണ് ആനക്കാല്‍പ്പെട്ടി. പുലര്‍ച്ചെ ഉണര്‍ന്ന് പാടങ്ങളിലേക്കും പാല്‍വില്‍പ്പനക്കും കരിമ്പിന്‍ പാടങ്ങളിലേക്കമായി പോകുന്ന കര്‍ഷകരോട് ഉയരത്തില്‍ നിന്ന് വോട്ട് അഭ്യര്‍ഥിക്കുന്നത് കേള്‍ക്കാം.
ഉയരത്തില്‍ നിന്നൊരു വോട്ടഭ്യര്‍ഥന - ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്
മറയൂര്‍ പഞ്ചായത്ത് ആനക്കാല്‍പെട്ടി 12-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് കുട്ടിരാജ്
ശബ്ദം വന്ന വഴി തേടിപോയാല്‍ കാണാം തെങ്ങിന്‍ മുകളിലിരുന്നു കള്ളുചെത്തിനൊപ്പം ഗ്രാമവാസികളോട് വോട്ട് അഭ്യര്‍ഥിക്കുന്ന ബാബു എന്ന കുട്ടിരാജിനെ. മറയൂര്‍ പഞ്ചായത്ത് ആനക്കാല്‍പെട്ടി 12-ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് കുട്ടിരാജ്. പുലര്‍ച്ചെ അഞ്ചരക്ക് എഴുന്നേറ്റ് തെങ്ങുചെത്തി ഒമ്പത് മണിക്ക് തിരിച്ചെത്തും. ബാക്കിയുള്ള സമയമത്രയും രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പൊതുപ്രവര്‍ത്തനത്തിലും സജീവമാകും. സമീപത്തെ കാന്തല്ലൂര്‍ പഞ്ചായത്തിലെ തെങ്ങുകളും കുട്ടിരാജാണ് ചെത്തുന്നത്. കുട്ടിരാജ് നാട്ടുകാര്‍ക്കെല്ലാവര്‍ക്കും പ്രിയങ്കരനാണ്. വിജയാശംസ നേര്‍ന്നാണ് എല്ലാവരും കുട്ടിരാജിനെ മടക്കുന്നത്. താന്‍ ഉള്‍പെടുന്ന കര്‍ഷക സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് രാഷ്ട്രീയവും കൂടെ കൊണ്ടുനടക്കുന്നതെന്ന് കുട്ടിരാജ് പറയുന്നു.