ഇടുക്കി: 2019 സെപ്റ്റംബര്‍ 14. രാവിലെ ഏലത്തോട്ടത്തില്‍ ജോലിക്കെത്തിയ എട്ട് തൊഴിലാളികളെ സ്ഥലം ഉടമ പ്രഭു തിരിച്ചയച്ചു. ഉച്ചയ്ക്കു ശേഷം പ്രഭുവിന്‍റെ കൃഷിയിടത്തിന് മുകളിൽ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ മലയിടിച്ചിലുണ്ടായി. രണ്ട് ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. തൊഴിലാളികളെ തിരിച്ചയച്ചത് കൊണ്ട് വൻ ദുരന്തം ഒഴിവാക്കാനായി. മഴയും മണ്ണിടിച്ചിലും ഉണ്ടാകുമെന്ന് പ്രഭുവിന് വെറുതെ തോന്നിയതല്ല. അതിനു പിന്നിലൊരു കഥയുണ്ട്.
പ്രഭുവും കാലാവസ്ഥയും പിന്നെ കൃഷിയും
12 വര്‍ഷം ചെന്നൈ അറ്റോമിക് പവർ പ്ലാന്‍റിലെ ഉദ്യോഗസ്ഥനായിരുന്നു പ്രഭു. കാലാവസ്ഥയുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം എല്ലാ ദിവസവും അറ്റോമിക് പവർ പ്ലാന്‍റില്‍ നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്ലാന്‍റിലെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തിരുന്നത്.
ഈ രീതി കൃഷിയിലും പിന്തുടർന്നാൽ കൃഷിയിലെ നഷ്‌ടങ്ങള്‍ ഒഴിവാക്കാനാകുമെന്ന് പ്രഭുവിന് തോന്നി. അങ്ങനെ ചെന്നൈയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക്. കുടുംബവിഹിതമായി കിട്ടിയ ഭൂമിയില്‍ ഏലം കൃഷി തുടങ്ങുകയായിരുന്നു ഉദ്ദേശം.