ഇടുക്കി: ലോവര്‍ പെരിയാറില്‍ നിന്നും കുടിയിറക്കിയ കുടുംബങ്ങളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ലോവര്‍ പെരിയാറില്‍ കുടിയിറക്കിയ കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ച് നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പ്ലോട്ട് തിരിച്ചിട്ടിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഉത്തരവ് വൈകുന്നത് മൂലം വിതരണം നടത്താന്‍ കഴിയാത്തത് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.
ലോവര്‍ പെരിയാര്‍ അണക്കെട്ടിന്‍റെ നിർമാണത്തിനായി 1971-ലാണ് ഇവിടെ നിന്നും കര്‍ഷക കുടുംബങ്ങളെ കുടിയിറക്കുന്നത്. പകരം ഭൂമി നല്‍കുമെന്ന വാഗ്‌ദാനം നല്‍കി കുടിയൊഴിപ്പിച്ച കര്‍ഷക കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്ന് കുടിയിറക്കപ്പെട്ടവർ 2011ൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി തേടിയതോടെ അർഹതപ്പെട്ടവരെ കണ്ടെത്താൻ 2016 ഓഗസ്റ്റിൽ കലക്‌ടർ വിചാരണ നടത്തി. ഈ വിചാരണയിൽ 72 കുടുംബങ്ങളിലെ അംഗങ്ങൾ ഭൂമിക്ക് അർഹത വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കി. എന്നാൽ സർക്കാർ നടപടികൾ പിന്നെയും വൈകി. ഇതോടെ കുടിയിറക്കപ്പെട്ടവർ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടർന്ന് കുടയൊഴിപ്പിച്ച കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് ഭൂമി കണ്ടെത്തി വിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കാന്‍ ഇടുക്കി ജില്ല കലക്‌ടര്‍ക്ക് സര്‍ക്കാര്‍ കത്തു നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചിന്നക്കനാല്‍ മൗണ്ട്ഫോര്‍ട്ട് സ്‌കൂളിന് സമീപം കയ്യേറ്റം ഒഴുപ്പിച്ച് ഏറ്റെടുത്ത ഭൂമി വിതരണത്തിനായി കണ്ടെത്തിയത്.
പിന്നാലെ ഭൂമിയെ 15 സെന്‍റ് വീതമുള്ള 72 പ്ലോട്ടുകള്‍ തിരിച്ച് നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നും ഓര്‍ഡര്‍ ലഭിക്കാത്തതിനാല്‍ ഭൂമി വിതരണം വീണ്ടും അനന്തമായി നീണ്ടു. ഇത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതോടെയാണ് അധികൃതരുടെ അടിയന്തര ഇടപെടല്‍.