ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായതായി ജില്ലാ കലക്ടർ എച്ച് ദിനേശൻ അറിയിച്ചു. കൊവിഡ് പ്രോട്ടോക്കോളിന്‍റെ ഭാഗമായി എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും സ്‌പെഷ്യല്‍ ഒബ്‌സെര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സെര്‍വര്‍ വീതവും ഓരോ ഹാളിലും ആറു അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫീസര്‍മാരും കാണും. ഹാളിന്‍റെ വലിപ്പം അനുസരിച്ചാണ് ടേബിളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ് തുടങ്ങിയവയും ലഭ്യമാക്കും. ആവശ്യമുള്ളവര്‍ക്ക് പിപിഇ കിറ്റും നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.
Also Read:കൊവിഡ് രോഗിക്ക് മർദ്ദനം; നെടുങ്കണ്ടത്ത് സിപിഎം പ്രതിഷേധം
പോസ്റ്റൽ ബാലറ്റുകളായിരിക്കും ആദ്യം എണ്ണുക. പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങി അരമണിക്കൂറിന് ശേഷമായിരിക്കും വോട്ടിംഗ് യന്ത്രത്തിലെ (ഇവിഎം) വോട്ടെണ്ണൽ ആരംഭിക്കുക. നിയമസഭാ മണ്ഡലങ്ങളില്‍ നിയോഗിച്ചിട്ടുള്ള വരണാധികാരികളുടെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും വോട്ടെണ്ണല്‍ നടക്കുക. പോസ്റ്റല്‍ ബാലറ്റുകള്‍ മുഴുവന്‍ എണ്ണിത്തീര്‍ന്ന ശേഷമേ ഇവിഎമ്മുകളുടെ അവസാന റൗണ്ട് വോട്ടെണ്ണല്‍ നടത്താവു എന്ന മുന്‍ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒഴിവാക്കിയിട്ടുണ്ട്. ഇവിഎം പൂര്‍ണമായി എണ്ണി രേഖപ്പെടുത്തിയ ശേഷമായിരിക്കും അതിനോട് പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം ചേര്‍ക്കുക. ഫലപ്രഖ്യാപനം കഴിവതും നേരത്തെയാക്കാന്‍ ടേബിളുകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.
ജില്ലയില്‍ അഞ്ചു മണ്ഡലങ്ങളിലായി അഞ്ചു വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ദേവികുളം (88) മണ്ഡലത്തില്‍ മൂന്നാര്‍ എഞ്ചിനീയറിംഗ് കോളജിലാണ് വോട്ടെണ്ണുന്നത്. ഉടുമ്പഞ്ചോല (89) മണ്ഡലത്തില്‍ നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. തൊടുപുഴ (90) മണ്ഡലത്തില്‍ ന്യൂമാന്‍ കോളജിലാണ് വോട്ടെണ്ണൽ. ഇടുക്കി (91) മണ്ഡലത്തില്‍ പൈനാവ് എംആര്‍എസ് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്. പീരുമേട് (92) മണ്ഡലത്തില്‍ മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ടെണ്ണൽ.