ഇടുക്കി: പ്രതീക്ഷയോടെ തുടക്കം കുറിച്ച കല്ലാര്‍കുട്ടി അണക്കെട്ടിലെ ബോട്ടിങ് സെന്‍ററിന്‍റെ പ്രവര്‍ത്തനം നിലച്ചു. കല്ലാർകുട്ടിയുടെ ടൂറിസം വികസനത്തിന് കരുത്താകുമെന്ന് കരുതിയിരുന്ന പദ്ധതിയാണ് പാതിവഴിയിൽ നിലച്ചത്. ആരംഭഘട്ടത്തിൽ സഞ്ചാരികൾ എത്തിയിരുന്നെങ്കിലും പിന്നീട് സെന്‍ററിന്‍റെ പ്രവർത്തനം താളം തെറ്റുകയായിരുന്നു.
2019ലായിരുന്നു കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ടിങ് സെന്‍ററിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. കെഎസ്ഇബി ഹൈഡല്‍ ടൂറിസവും മുതിരപ്പുഴ ടൂറിസം സൊസൈറ്റിയും സഹകരിച്ചായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. സെൻ്ററിൻ്റെ പ്രവർത്തനം ആരംഭിച്ചഘട്ടത്തിൽ സഞ്ചാരികൾ എത്തിയിരുന്നെങ്കിലും കൊവിഡിനെ തുടർന്ന് അടച്ചുപൂട്ടലിലെത്തിയതോടെ കാര്യങ്ങൾ കൂടുതൽ പരുങ്ങലിലായി. പിന്നീട് സെൻ്ററിൻ്റെ പ്രവർത്തനം കാര്യക്ഷമമായി മുമ്പോട്ട് പോയില്ല.