ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ കടന്നുപോകുമ്പോൾ വഴിയരികില്‍ കാത്തിരിക്കുന്നത് നിരവധി സുന്ദര കാഴ്‌ചകളാണ്. മണ്‍സൂണ്‍ എത്തിയതോടെ അതിമനോഹാരിത നിറച്ച് സഞ്ചാരികളെ കാത്തിരിക്കുകയാണ് ഇടുക്കി ജില്ലയിലെ കല്ലാര്‍ വെള്ളച്ചാട്ടം. ഉരുളന്‍പാറക്കല്ലുകള്‍ക്കിടയിലൂടെ ആര്‍ത്തലച്ചൊഴുകുന്ന പുഴയുടെ വന്യതയാണ് കല്ലാര്‍ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് നല്‍കുന്ന കാഴ്ച.
ALSO READ:മഴ കനത്തു, നിറഞ്ഞൊഴുകി പഞ്ചാരക്കുത്ത് വെള്ളച്ചാട്ടം
ALSO READ:വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായി മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം
വേനല്‍കാലത്തും കല്ലാര്‍ വെള്ളച്ചാട്ടം പൂര്‍ണ്ണമായി വറ്റി വരളാറില്ല. വന്യത കൈവിട്ട് പാറകള്‍ക്കിടയിലൂടെ ശാന്തമായി ഒഴുകി കൊണ്ടേയിരിക്കും. എന്നാൽ വേനല്‍ മാറി വര്‍ഷകാലം വാതില്‍ തുറക്കുമ്പോൾ, രൂപത്തിലും ഭാവത്തിലും സഞ്ചാരികളുടെ കണ്ണുകൾക്ക് കുളിർമയേകും വിധം കല്ലാർ വെള്ളച്ചാട്ടം മാറിയിട്ടുണ്ടാകും.
ആര്‍ത്തലച്ച് നുരഞ്ഞൊഴുകിയെത്തുന്ന വെള്ളം പുതിയ കാഴ്‌ചകള്‍ തീര്‍ത്ത് പാലത്തിന് കീഴിലൂടെ പിന്നെയുമൊഴുകി പോകും. മൺസൂൺ മഴയും കുളിരും ആസ്വാദിക്കാൻ മല കയറിയെത്തുന്നവരുടെ മനസ് നിറയ്‌ക്കുകയാണ് കല്ലാര്‍ വെള്ളച്ചാട്ടം.