ഇടുക്കി:അമിത കൂലി നല്‍കാത്തതിന്‍റെ പേരില്‍ അടിമാലിയിലെ വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളെ ഐഎന്‍ടിയുസി ചുമട്ട് തെഴിലാളികള്‍ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ആക്രമണം നടത്തിയ ചുമട്ട് തൊഴിലാളികള്‍ക്കെതിരെ കടയുടമയാണ് പൊലീസില്‍ പരാതി നല്‍കിയത്.
അമിത കൂലി നല്‍കാന്‍ വിസമ്മതിച്ചു; അടിമാലിയില്‍ അതിഥി തൊഴിലാളികളെ മര്‍ദിച്ച് ചുമട്ടു തൊഴിലാളികള്‍ - അതിഥി തൊഴിലാളികള്‍ മര്‍ദനം
അടിമാലി ടൗണിലെ വ്യാപാര സ്ഥാപനത്തിലെത്തിച്ച ഗ്ലാസുകള്‍ ഇറക്കുന്നതിന് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളികള്‍ 5,000 രൂപയാണ് ആവശ്യപ്പെട്ടത്. ഇത് നിരസിച്ച കടയുടമ, വ്യാപാര വ്യവസായി ഏകോപന സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സ്ഥാപനത്തിലെ ജീവനക്കാരായ അതിഥി തൊഴിലാളികളുടെ സഹായത്തോടെ ലോഡിറക്കുകയായിരുന്നു.
സെപ്‌റ്റംബര്‍ രണ്ടാം തീയതിയായിരുന്നു കേസിനാസ്‌പദമായ സംഭവം. ടൗണിലെ വ്യാപാര സ്ഥാപനത്തിലേക്ക് അഞ്ച് ഗ്ലാസുകള്‍ എത്തി. ഇത് ഇറക്കുന്നതിനായി യൂണിയന്‍ തൊഴിലാളികള്‍ 5,000 രൂപ ആവശ്യപ്പെട്ടിരുന്നതായാണ് കടയുടമ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കടയുടമ അതിഥി തൊഴിലാളികളെ ഉപയോഗിച്ച് ലോഡ് ഇറക്കിയത്. ഈ സമയം തിരികെ എത്തിയ ചില ചുമട്ട് തൊഴിലാളികള്‍ ചേര്‍ന്ന് അതിഥി തൊഴിലാളികളെ മര്‍ദിക്കുകയായിരുന്നുവെന്ന് കടയുടമ അടിമാലി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഐഎന്‍ടിയുസി ചുമട്ട് തെഴിലാളികളുടെ മര്‍ദനത്തിനിരയായ സ്ഥാപനത്തിലെ തൊഴിലാളികള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.