ഇടുക്കി :സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് വർഷത്തോളമായി കൊവിഡിനെ പ്രതിരോധിച്ച ഇടമലക്കുടിയിൽ ഇതാദ്യമായാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒരാൾ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴും രണ്ടാമത്തെയാൾ ശർദി തുടർന്നതോടെ ടെസ്റ്റ് ചെയ്‌തപ്പോഴുമാണ് രോഗബാധ തിരിച്ചറിഞ്ഞത്. ഇവർക്ക് ചികിത്സ നൽകിവരികയാണെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വായനയ്ക്ക്:ഇടമലക്കുടിയിൽ അനുമതിയില്ലാതെ പ്രവേശിച്ചു ; സുജിത് ഭക്തനെതിരെ അന്വേഷണം
ഇക്കഴിഞ്ഞയിടെ ഇടുക്കി എംപി ഡീൻ കുര്യാക്കോസും വ്ളോഗർ സുജിത് ഭക്തനും ഇടമലക്കുടി സന്ദർശിച്ചത് വിവാദമായിരുന്നു. അന്യർക്ക് പ്രവേശനം ഇല്ലാതിരുന്ന കുടിയിൽ എത്തി സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇരുവരും പങ്കെടുത്തിരുന്നു. വനമേഖലയില്‍ പ്രവേശിക്കാന്‍ ബന്ധപ്പെട്ട വകുപ്പിന്‍റെ വിലക്ക് നിലനില്‍ക്കെയാണ് സുജിത് ഭക്തന്‍ ഇവിടെയെത്തിയത്.
എംപിയോടൊപ്പം നിരവധി പേരും അന്ന് കുടിയിലെത്തി. സംഭവം വിവാദമാവുകയും ഇവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് എഐവൈഎഫ് പൊലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു.
കൂടുതൽ വായനയ്ക്ക്:വ്ളോഗറുമൊത്ത് ഇടമലക്കുടിയിലേക്ക് ഡീന്‍ കുര്യാക്കോസ് നടത്തിയ യാത്ര വിവാദത്തില്‍