ഇടുക്കി:മഴ കനത്തതോടെ ഉരുൾപൊട്ടൽ ഭീഷണിയിൽ ഇടുക്കി ഹൈറേഞ്ചിലെ മലയോരമേഖല. നാലു ദിവസമായി തുടരുന്ന മഴയെ തുടർന്ന് ഹൈറേഞ്ചിലെ നിരവധി പ്രദേശങ്ങളാണ് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. ജിയോളജി വകുപ്പ് അതീവ അപകട മേഖലയായി കണ്ടെത്തിയ ഇരട്ടയാർ, ചേമ്പളം, ബോഡിമെട്ട് എന്നിവിടങ്ങളിലെ അപകട മേഖല പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റി പാർപ്പിച്ചു.
അതീവ അപകട ഭീഷണി നേരിടുന്ന മേഖലകളിൽ താമസിക്കുന്നവരെ അടിയന്തരമായി മാറ്റിപാർപ്പിക്കാൻ റവന്യൂ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ വീടുകൾ അപകടാവസ്ഥയിലായ അഞ്ച് കുടുംബങ്ങളെ ഉടുമ്പൻചോല പാറത്തോട്ടിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. ഉടുമ്പൻചോലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. സംരക്ഷണ ഭിത്തി തകർന്നും വീടുകൾ അപകടാവസ്ഥയിലായിട്ടുണ്ട്.