ഇടുക്കി: സംസ്ഥാനത്ത് കാലവര്‍ഷം കനക്കുമെന്ന കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിന് പിന്നാലെ ഇടുക്കിയില്‍ മഴ ശക്തമാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇടവിട്ട ശക്തമായ മഴയാണ് പല മേഖലകളിലും രേഖപ്പെടുത്തുന്നത്. മഴ ശക്തമായി പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ജൂലായ് 11 ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വൈകിയെത്തിയ മഴ
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇത്തവണ കാലവര്‍ഷം വൈകിയാണെത്തിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയിലെ പല മേഖലകളിലും ശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. എറ്റവും കൂടുതല്‍ മഴ ലഭിച്ചത് മലയോര മേഖലയിലാണ്. ഏറിയും കുറഞ്ഞും മഴ തുടരുകയാണ്.
മുന്‍കരുതല്‍ നിര്‍ദേശം
മഴ തുടര്‍ന്നാല്‍ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനുമടക്കം സാധ്യയുള്ളതിനാല്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ല ഭരണകൂടം തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നതിനും മാറ്റി പാര്‍പ്പിക്കേണ്ടി വന്നാല്‍ ഇതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമടക്കം നടപടി സ്വീകരിക്കാനാണ് ജില്ല ഭരണകൂടത്തിന്‍റെ നിര്‍ദ്ദേശം.