ഇടുക്കിയിലെ യു.ഡി.എഫ് ഹര്‍ത്താല്‍ പൂര്‍ണം - ഇടുക്കി ഹര്‍ത്താല്‍
ഹർത്താലനുകൂലികൾ ടൗണില്‍ പ്രകടനങ്ങൾ നടത്തി. പൊതുവാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. വ്യാപാരസ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്
ഇടുക്കി : പട്ടയം ക്രമീകരിക്കൽ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ പുരോഗമിക്കുന്നു. ജില്ലയിലെ പ്രധാന ടൗണുകളിൽ ഹർത്താലനുകൂലികൾ പ്രകടനങ്ങൾ നടത്തി. ഏതാനും ചില സ്വകാര്യവാഹനങ്ങൾ ഒഴികെ പൊതു വാഹനങ്ങൾ എല്ലാം നിരത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയാണ്. വ്യാപാരികൾ ഹർത്താലിനോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും വ്യാപാരസ്ഥാപനങ്ങൾ എല്ലാം തന്നെയും അടഞ്ഞുകിടക്കുകയാണ്. ചടങ്ങളിൽ ഭേദഗതി വരുത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ സമരം തുടരുമെന്ന് ഹർത്താൽ അനുകൂലികൾ പറഞ്ഞു. ഹർത്താൽ വൈകിട്ട് 6ന് അവസാനിക്കും.
1964 പട്ടയം ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്കരിച്ച് ഭേദഗതി എത്രയും വേഗം നടപ്പാക്കണമെന്നും. അതിനായി റവന്യു മന്ത്രി ഇടുക്കിയിലെത്തി സമരം ചെയ്യുന്നവരും ജനപ്രതിനിധികളുമായി ചർച്ച നടത്തണമെന്നുമാണ് യു.ഡി.എഫിന്‍റെ ആവശ്യം ഈ വിഷയത്തിൽ കഴിഞ്ഞ 5-ാം തിയതി സംഘടിപ്പിച്ച ജനകീയ ധർണയോടെയാണ് മുന്നണി പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്. ജില്ലയിലെ ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ ഉപവാസ സമരം നടത്തുന്നുണ്ട്.