ഇടുക്കി: പത്തരമാറ്റ് വിജയം, നൂറുമേനി വിജയം.. ഇതൊക്കെ പത്താംക്ലാസ് പരീക്ഷ ഫലം വരുമ്പോൾ നാം കേൾക്കുന്ന വാക്കുകളാണ്. ഒരു വർഷം എല്ലാം മറന്ന് പഠനത്തില്‍ മാത്രം ശ്രദ്ധിച്ച് എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങുന്ന കുട്ടികൾ നാടിനും വീടിനും അഭിമാനവുമാണ്.
ഇതൊന്നുമല്ലാത്ത ഒരു വിജയകഥയുണ്ട് ഇടുക്കിയില്‍. കല്ലാർ സർക്കാർ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ അനഘയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
പരിമിതികളെ പരിശ്രമം കൊണ്ട് നേരിട്ടു, അനഘ നേടിയത് എ പ്ലസ് വിജയം Also Read:'സ്ത്രീധനം ഇല്ലാതാക്കാൻ വിദ്യാർഥികളിൽ ബോധവത്കരണം അനിവാര്യം:' ഗവർണർ
ചുണ്ടനക്കമാണ് ഈ വിജയം
ജന്മനാ കേള്‍വി ശക്തി കുറവാണ് അനഘയ്ക്ക്. അധ്യാപകര്‍ ചുണ്ടനക്കുന്നത് ശ്രദ്ധാപൂര്‍വ്വം വീക്ഷിച്ചാണ് പാഠങ്ങള്‍ പഠിച്ചിരുന്നത്. കൊവിഡിനെ തുടർന്ന് ഓൺലൈൻ പഠനം ആയതോടെ പ്രശ്നം അതിലും വലുതായി. വീട്ടില്‍ മൊബൈല്‍ റേഞ്ച് കുറവായപ്പോൾ സമീപത്തെ വീടുകളിലും പറമ്പിലും ഒക്കെ ഇരുന്നാണ് ഓണ്‍ലൈന്‍ പഠനം നടത്തിയത്.
ഒടുവില്‍ വിജയം മാത്രമല്ല അനഘയെ തേടിയെത്തിയത്, എല്ലാ വിഷയത്തിനും എ പ്ലസ്. ശരിക്കും നാടിനും വീടിനും അഭിമാനാർഹമായ വിജയം. വിജയത്തില്‍ ഒപ്പം ചേർന്ന് അധ്യാകരും ബിആര്‍സി പരിശീലകയായ ഷീബ ടീച്ചറിന്‍റെ നേതൃത്വത്തിലാണ് അനഘയ്ക്ക് പ്രത്യേക പരിശീലനം നല്‍കിയത്. വിവിധ വിഷയങ്ങളില്‍ മറ്റ് അധ്യാപകരും പ്രത്യേകം ശ്രദ്ധ നല്‍കി.
കല്ലാര്‍ സ്‌കൂളില്‍ 43 ഭിന്നശേഷിക്കാരായ കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. എല്ലാവരും തിളക്കമാര്‍ന്ന വിജയം നേടി സ്‌കൂളിന്‍റെ സമ്പൂര്‍ണ വിജയത്തിന്‍റെ മാറ്റ് വര്‍ധിപ്പിച്ചു. ജില്ലയില്‍ ഏറ്റവും അധികം വിദ്യാര്‍ഥികൾ പരീക്ഷയെഴുതിയത് കല്ലാര്‍ സർക്കാർ ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ്. വിജയിച്ച 356 വിദ്യാർഥികളിൽ 83 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ-പ്ലസ് കരസ്ഥമാക്കിയിട്ടുണ്ട്.